ദുബായിലെ വാഹനാപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടറെന്ന് സ്ഥിരീകരിച്ചു

By Web TeamFirst Published Nov 28, 2019, 10:44 AM IST
Highlights

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശൈഖ് സായിദ് റോഡിലായിരുന്നു അപകടം. വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തുള്ള തുരങ്കത്തില്‍വെച്ച് നിയന്ത്രണം വിട്ട കാറില്‍ തീപിടിക്കുകയായിരുന്നു. 

ദുബായ്: ചൊവ്വാഴ്ച ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടറാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയും ദുബായ് അല്‍ മുസല്ല മെഡിക്കല്‍ സെന്ററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷല്‍ സ്കിന്നര്‍ (60) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശൈഖ് സായിദ് റോഡിലായിരുന്നു അപകടം. വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തുള്ള തുരങ്കത്തില്‍വെച്ച് നിയന്ത്രണം വിട്ട കാറില്‍ തീപിടിക്കുകയായിരുന്നു. ജുമൈറ വില്ലേജ് സര്‍ക്കിളിലെ വീട്ടില്‍ നിന്ന് ക്ലിനിക്കിലേക്ക് പോകുന്നതിനിടെ ഉച്ചയ്ക്ക് 12.45നാണ് അപകടമുണ്ടായത്. തീപിടിച്ച കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ കത്തിക്കരിഞ്ഞായിരുന്നു മരണം സംഭവിച്ചത്. സംഭവസമയത്ത് ഡോക്ടര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചത് ആരാണെന്ന് ആദ്യഘട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ചൊവ്വാഴ്ച രാത്രി ഏറെ വൈകിയും ജോലി കഴിഞ്ഞ് ഡോക്ടര്‍ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് ഭാര്യ ക്ലിനിക്കില്‍ വിവരമറിയിച്ചു. ക്ലിനിക്കില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ബുധനാഴ്ച രാവിലെ അല്‍ റഫാ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്നാണ് തലേദിവസമുണ്ടായ അപകടം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് കുടുംബത്തെ അറിയിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെ ഭാര്യയും സഹപ്രവര്‍ത്തകും ഖുസൈസ് മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. നടപടികള്‍ പൂര്‍ത്തിയായ ശേഷം ജബല്‍ അലിയില്‍ മൃതദേഹം സംസ്കരിക്കും.  20 വര്‍ഷത്തോളമായി ദുബായില്‍ ജോലി ചെയ്തുവരികയായിരുന്നു ഡോ. ജോണ്‍ മാര്‍ഷല്‍ സ്കിന്നര്‍. ഭാര്യ സിസി മാര്‍ഷല്‍. മക്കള്‍: റബേക്ക എറിന്‍ മാര്‍ഷല്‍, റേച്ചല്‍ അന്ന മാര്‍ഷല്‍. 

click me!