അഞ്ചു വര്‍ഷമായി ജയിലിലായിരുന്ന പ്രവാസി മലയാളി മോചിതനായി നാടണഞ്ഞു

By Web TeamFirst Published Jun 2, 2021, 12:46 PM IST
Highlights

പെട്രോള്‍ പമ്പില്‍ ജോലി കിട്ടി. അവിടെ ജോലി ചെയ്യുന്നതിനിടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചു തൊഴിലുടമ ജയിലിലാക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പണതട്ടിപ്പ് നടത്തിയത് ഒപ്പം ജോലി ചെയ്തിരുന്നവരായിരുന്നു. ആ പ്രതികള്‍ നാട്ടിലേക്ക് മുങ്ങി. നിരപരാധിയായ ഷാനവാസിനെ പോലീസ് പിടികൂടി.

റിയാദ്: സാമ്പത്തിക ക്രമക്കേട് കേസില്‍ സൗദി അറേബ്യയിലെ ജയിലിലായിരുന്ന മലയാളി അഞ്ചു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി. കൊല്ലം കിളികൊല്ലൂര്‍ കന്നിമേല്‍ചേരി സ്വദേശി കൈപ്പുഴ വീട്ടില്‍ മാഹീന്‍, ലൈല ബീവി ദമ്പതികളുടെ മകന്‍ ഷാനവാസ് ആണ് റിയാദിലെ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ മോചനം നേടി നാടണഞ്ഞത്. ആറ് വര്‍ഷം മുമ്പാണ് ഷാനവാസ് തൊഴില്‍ തേടി റിയാദിലെത്തിയത്.

പെട്രോള്‍ പമ്പില്‍ ജോലി കിട്ടി. അവിടെ ജോലി ചെയ്യുന്നതിനിടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചു തൊഴിലുടമ ജയിലിലാക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പണതട്ടിപ്പ് നടത്തിയത് ഒപ്പം ജോലി ചെയ്തിരുന്നവരായിരുന്നു. ആ പ്രതികള്‍ നാട്ടിലേക്ക് മുങ്ങി. നിരപരാധിയായ ഷാനവാസിനെ പോലീസ് പിടികൂടി. വിചാരണതടവുകാരനായി നീണ്ട കാലം ജയിലില്‍ കഴിഞ്ഞു. ശേഷം കോടതി ശിക്ഷിച്ചു ആ തടവ് കൂടി അനുഭവിക്കേണ്ടി വന്നു. അങ്ങനെ മൊത്തത്തില്‍ അഞ്ചു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നു.

ഒടുവില്‍ പൊതുമാപ്പിലാണ് പുറത്തിറങ്ങിയത്. ഇതിനിടയില്‍ നിരവധി നിയമ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. നാട്ടില്‍ നിന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചതനുസരിച്ച് സൗദി കെ.എം.സി.സി കൊല്ലം ജില്ലാ കോഓര്‍ഡിനേഷന്‍ ഭാരവാഹി നവാസ് പള്ളിമുക്ക് മോചനശ്രമവുമായി മുന്നോട്ട് വരുകയും റിയാദ് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദിഖ് തുവൂര്‍, കൊല്ലം ജില്ലാ കോഓര്‍ഡിനേഷന്‍ ഭാരവാഹി ഫിറോസ് കൊട്ടിയം എന്നിവര്‍ ഇടപെട്ട് കേസുകള്‍ക്ക് പരിഹാരം കാണുകയായിരുന്നു.

എല്ലാ നിയമ പ്രശ്‌നങ്ങളും പൂര്‍ത്തീകരിച്ച് കഴിഞ്ഞ ദിവസം കൊച്ചിയിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേക്ക് യാത്രയായി. കഴിഞ്ഞ അഞ്ചു മാസമായി വിചാരണ കേസുകളില്‍ നിരന്തരം ഇടപെട്ടു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കേസ് മോചനത്തിന് സാഹചര്യം ഒരുങ്ങിയത്. പിഴകള്‍ ഉള്‍പ്പടെ വന്ന ചിലവുകളും ടിക്കറ്റും നല്‍കി സഹായിച്ചത് റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി അല്‍ഷിഫാ ഏരിയ പ്രസിഡന്റ് ഉമ്മര്‍ അമാനത്തിന്റെ നേതൃത്വത്തില്‍ സൗദി കൊല്ലം ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുമാണ്.

(ചിത്രം: ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങുന്ന ഷാനവാസ് സാമൂഹിക പ്രവര്‍ത്തകര്‍ക്കൊപ്പം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!