സൗദിയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു; സമ്പര്‍ക്കത്തിലായിരുന്നവര്‍ നിരീക്ഷണത്തില്‍

By Web TeamFirst Published Apr 27, 2020, 12:20 AM IST
Highlights

10 ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ഉനൈസയിലെ ഹയാത്ത് ആശുപത്രിയിലെത്തുകയും ഉടനെ അവിടെ കുഴഞ്ഞു വീഴുകയുമായിരുന്നു. അതിനും മുമ്പ് ആഴ്ചകളോളമായി പനിയും ജലദോഷവുമുണ്ടായിരുന്നു.

റിയാദ്: കൊവിഡ് ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി ബുറൈദയിൽ മരിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസ സനാഇയയിൽ ജെ.സി.ബി. ഓപ്പറേറ്ററായിരുന്ന ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ്‌ ഖാനാണ് (48) മരിച്ചത്. കൊവിഡ് ഐസൊലേഷൻ സെന്ററായ ബുറൈദ സെൻട്രൽ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. 

10 ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ഉനൈസയിലെ ഹയാത്ത് ആശുപത്രിയിലെത്തുകയും ഉടനെ അവിടെ കുഴഞ്ഞു വീഴുകയുമായിരുന്നു. അതിനും മുമ്പ് ആഴ്ചകളോളമായി പനിയും ജലദോഷവുമുണ്ടായിരുന്നു. തുടർന്ന് ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയിരുന്നു. കുഴഞ്ഞുവീണ ശേഷം ദിവസങ്ങളോളം വെന്റിലേറ്ററിൽ അബോധാവസ്ഥയിലായിരുന്നു. സ്രവ പരിശോധനയിൽ കൊവിഡ് 19 പോസിറ്റീവാണെന്ന് കണ്ടു. തുടർന്ന് വിദഗ്ധ ചികിത്സക്കുവേണ്ടി ബുറൈദ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കത്തിലായ മലയാളികൾ നിരീക്ഷണത്തിൽ തുടരുകയാണ്. 20 വർഷമായി പ്രവാസിയായ ഇദ്ദേഹം അഞ്ചര വർഷമായി നാട്ടിൽ പോയിട്ടില്ല. പിതാവ്: മുഹമ്മദ് റാവുത്തർ. ഭാര്യ: റംല. മക്കൾ: ബിലാൽ, ബിൻഹാജ്.

click me!