
റിയാദ്: ലഘുഭക്ഷണശാലയിൽ നിന്ന് ചായവാങ്ങാൻ കാറിൽ നിന്ന് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക് എട്ടുമണിക്കുർ തടവും 2500 റിയാൽ പിഴയും. ജോലിയുടെ ഭാഗമായി ദമ്മാമിൽ നിന്ന് റിയാദിൽ എത്തിയ എറണാകുളം സ്വദേശിയെയാണ് ചെറിയ അശ്രദ്ധ വലിയ പാഠം പഠിപ്പിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇദ്ദേഹം ദമ്മാമിൽ നിന്ന് റിയാദിലേക്ക് കാറോടിച്ച് പോയത്. ഉറക്ക ക്ഷീണമുണ്ടായിരുന്നതിനാൽ റിയാദിലെ ഉലയായിൽ ഒരിടത്ത് വണ്ടി നിർത്തി ഒരു ലഘുഭക്ഷണശാലയിൽ നിന്ന് ചായയും സാന്റ്‍വിച്ചും വാങ്ങാൻ ശ്രമിക്കുകയായിരുന്നു. അതുവരെ ധരിച്ചിരുന്ന മാസ്‍ക് കാറിൽ ഊരിവെച്ച് രേഖകളടങ്ങുന്ന പഴ്‍സും വാഹനത്തിൽ സൂക്ഷിച്ചാണ് ഇദ്ദേഹം ബൂഫിയയിലേക്ക് എത്തിയത്. അൽപസമയത്തിനുള്ളിൽ പൊലീസിന്റെ സ്‍പെഷ്യൽ സ്ക്വാഡ് എത്തുകയും മാസ്‍ക് ധരിക്കാത്തതിന്റെ പേരിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
മാസ്‍കും ഇഖാമയും വാഹനത്തിലാണെന്ന് പറഞ്ഞെങ്കിലും രക്ഷപ്പെട്ടില്ല. മാസ്‍ക് ധരിക്കാതെ പുറത്തിറങ്ങിയത് കുറ്റകരമാണെന്നായിരുന്നു പൊലീസിന്റെ മറുപടി. ഇയാളെ പൊലീസ് സ്‍റ്റേഷനിൽ എത്തിക്കുകയും മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തു. എട്ട് മണിക്കൂറിലധികം കസ്‍റ്റഡിയിൽ സൂക്ഷിക്കുകയുമായിരുന്നു. ഇതിനിടയിലെല്ലാം നിലവിലെ സാഹചര്യത്തിൽ മാസ്‍കും ഗ്ലൗസും ധരിക്കേണ്ടതിന്റെ പ്രാധാന്യം ഓരോ പൊലീസുകാരനും വിശദീകരിച്ചു.
മാസ്‍ക് ധരിക്കാത്തതിന് 1000 റിയാലും കാർ പൊലീസ് സ്‍റ്റേഷനിൽ എത്തിച്ചതിനുള്ള ചെലവായി 1500 റിയാലും ചേർത്ത് 2500 റിയാൽ പിഴ ചുമത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam