മനോവിഭ്രാന്തിയിലായി അലഞ്ഞ പ്രവാസി മലയാളി യുവാവ് മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തി

By Web TeamFirst Published Nov 8, 2020, 8:51 AM IST
Highlights

യുവാവ് റോഡിലും പാർക്കിലും അലഞ്ഞു നടന്നത് നാല് മാസം മുമ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചില കടകളിലെയും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും ഗ്ലാസുകൾ യുവാവ് അടിച്ചുപൊട്ടിക്കുകയും തുടർന്ന് പൊലീസ് പിടികൂടി ജയിലിലടക്കുകയുമായിരുന്നു. 

റിയാദ്: നാല് മാസം മുമ്പ് റിയാദ് നഗരത്തിൽ മനോനിലതെറ്റി പാർക്കിലും റോഡിലും അലഞ്ഞു നടക്കുകയും വാഹനങ്ങളുടെയും കടകളുടെയും ഗ്ലാസുകൾ അടിച്ചു തകർത്തതിനെ തുടർന്ന് ജയിലിലാവുകയും ചെയ്ത മലയാളി ഒടുവിൽ നാടണഞ്ഞു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിക്കാണ് ഗൾഫ് മലയാളി ഫെഡറേഷൻ തുണയായത്. 

യുവാവ് റോഡിലും പാർക്കിലും അലഞ്ഞു നടന്നത് നാല് മാസം മുമ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. റിയാദ് ഉലയയിലെ ചില കടകളിലെയും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും ഗ്ലാസുകൾ യുവാവ് അടിച്ചുപൊട്ടിക്കുകയും തുടർന്ന് പൊലീസ് പിടികൂടി ജയിലിലടക്കുകയുമായിരുന്നു. ഇയാളിൽ നിന്ന് നഷ്ടപരിഹാരമായി 90,000 റിയാൽ ഈടാക്കാൻ കോടതി വിധിച്ചു. നഷ്ടപരിഹാരം നൽകാനോ വിഷയത്തിൽ ഇടപെടാനോ ആരുമില്ലാഞ്ഞതിനാൽ യുവാവ് മൂന്നരമാസം ജയിലിൽ കിടന്നു. 

ഇതിനിടയിൽ യുവാവിനെ കുറിച്ച് വിവരമില്ലെന്നു പറഞ്ഞു സഹോദരനും ഭാര്യയും ഇന്ത്യൻ എംബസിയിലും മറ്റു സന്നദ്ധ സംഘടനകൾക്കും പരാതി നൽകുകയുണ്ടായി. തുടർന്ന് ഗൾഫ് മലയാളി ഫെഡറേഷൻ പ്രതിനിധി റാഫി പാങ്ങോട് വിഷയത്തിൽ ഇടപെടുകയും പരാതിക്കാരോട് നേരിട്ട് യുവാവിന്റെ മനോവിഭ്രാന്തിയെ കുറിച്ച് ബോധിപ്പിക്കുകയും കേസിൽ നിന്ന് രക്ഷിച്ചു ജയിൽ മോചിതനാക്കുകയും ചെയ്തു. 

ഇതിനിടയിൽ യുവാവ് തന്റെ നിയന്ത്രണത്തിൽ നിന്നും ചാടി  പോയതായി കാണിച്ചു സ്പോൺസർ ഹുറൂബാക്കുകയും ചെയ്തു. ഒടുവിൽ നിയമ തടസ്സങ്ങളൊക്കെ മാറ്റി റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിച്ചു.

click me!