ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Oct 3, 2020, 3:30 PM IST
Highlights

രാത്രിയില്‍ കടയില്‍ എത്തിയ പതിവുകാരാണ് കുഴഞ്ഞു വീഴുന്ന അഹമ്മദ് കുട്ടിയെ കാണുന്നത്. ബഹളം കേട്ട് ഓടി എത്തിയ മകനും മറ്റ്  സുഹൃത്തുക്കളും ചേര്‍ന്ന് സാംത ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റിയാദ്: ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. ദക്ഷിണ സൗദിയിലെ ജിസാനിന് സമീപം സാംതയില്‍ ബ്രോസ്റ്റ് കടയില്‍ ജോലി ചെയ്യുന്നതിനിടെ കാക്കഞ്ചേരി  പുല്‍പറമ്പ് സ്വദേശി കൊടക്കാട്ട കത്ത് അഹമ്മദ് കുട്ടി (55) ആണ് കുഴഞ്ഞു വീണു മരിച്ചത്. 20 വര്‍ഷമായി സൗദിയിലുള്ള അഹമ്മദ് കുട്ടി സാംതയില്‍ 15 വര്‍ഷമായി  ബ്രോസ്റ്റ് കടയില്‍ ജീവനക്കാരനാണ്. ഒരു വര്‍ഷം മുമ്പ് സൗദിയിലെത്തിയ പുത്രന്‍ മുഹമ്മദ് ജംഷാദും ഇദ്ദേഹത്തോടൊപ്പം കടയില്‍ ജോലി ചെയ്യുന്നു.

വെള്ളിയാഴ്ച ഉച്ചക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെങ്കിലും തിരിച്ച് വന്ന് വീണ്ടും ജോലിയില്‍  ഏര്‍പ്പെട്ടതായിരുന്നു. രാത്രിയില്‍ കടയില്‍ എത്തിയ പതിവുകാരാണ് കുഴഞ്ഞു വീഴുന്ന അഹമ്മദ് കുട്ടിയെ കാണുന്നത്. ബഹളം കേട്ട് ഓടി എത്തിയ മകനും മറ്റ്  സുഹൃത്തുക്കളും ചേര്‍ന്ന് സാംത ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നല്ല സുഹൃദ് വലയമുള്ള അഹമ്മദ് കുട്ടി സൗദിയിലെത്തിയ ഏക മകന്‍ മുഹമ്മദ് ജംഷാദ്‌നെ കടയേല്‍പ്പിച്ച് പ്രവാസം നിര്‍ത്തി നാട്ടില്‍ പോകാനിരിക്കെയാണ് മരണമെന്നത് സാംത പ്രവാസികളെ ദു:ഖത്തിലാഴ്ത്തി. 

സാംത ജനറല്‍  ആശുപത്രിയിലുള്ള മൃത ശരീരം നടപടി ക്രമങ്ങള്‍ പൂര്‍ത്തീയാക്കി ഇവിടെ തന്നെ ഖബറടക്കും. പിതാവ്: പരേതനായ കൊടക്കാട്ട കത്ത് കുഞ്ഞിമുഹമ്മദ്, മാതാവ്: പുല്ലാട്ടില്‍  കുഞ്ഞിപ്പാത്തു. ഭാര്യ: പുല്ലാട്ടില്‍ റംലത്ത്, മക്കള്‍: മുഹമ്മദ് ജംഷാദ് (സാംത), രഹന, റജുല. മരുമകന്‍: സമദ് ഫറോക്ക്. സഹോദരങ്ങള്‍:- ഇതൈമ, ലത്തീഫ് പുല്‍പറമ്പ്, ജഅഫര്‍, റൂബി. ഭാര്യാ സഹോദരന്മാരായ പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശികളായ  മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന ബാവ, സൈനുദ്ദീന്‍ എന്നിവര്‍ സാംതയിലുണ്ട്. അനന്തര നടപടികള്‍ക്കായി സാംതയിലെ സാമൂഹിക പ്രവര്‍ത്തകരും സുഹൃത്തുക്കളുമായ മുനീര്‍ ഹുദവി ഉള്ളണം, റസാഖ് വെളിമുക്ക്, ഷൗക്കത്ത് ആനവാതില്‍, കുഞ്ഞാപ്പ  വേങ്ങര, അബ്സല്‍ ഉള്ളൂര്‍, അബ്ദുല്ല ചിറയില്‍, ഡോ. ജോണ്‍ ചെറിയാന്‍, മുജീബ് പാലക്കാട്, നിസാര്‍ എന്നിവര്‍ രംഗത്തുണ്ട്.

click me!