യുഎഇയില്‍ അധ്യാപക പുരസ്‌കാരം നേടിയവരില്‍ മലയാളിയും

By Web TeamFirst Published Oct 6, 2021, 11:12 PM IST
Highlights

കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മുടങ്ങാതിരിക്കാന്‍ കൃത്യമായ ആസൂത്രണത്തോടെ ക്രമീകരണങ്ങള്‍ ഒരുക്കിയത് പുരസ്‌കാരത്തിനുള്ള തെരഞ്ഞെടുപ്പില്‍ മാനദണ്ഡമായി. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ അധ്യാപകരെ പരിശീലിപ്പിക്കുന്നതിന് നിരവധി ട്രെയിനിങ് പ്രോഗ്രാമുകളും ശാന്തിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.

അബുദാബി: ലോക അധ്യാപക ദിനത്തോടനുബന്ധിച്ച്(World teachers day) അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ(അഡെക്) അധ്യാപക പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ മലയാളി അധ്യാപികയും. അബുദാബി അല്‍ വത്ബ ഇന്ത്യന്‍ സ്‌കൂളിലെ സബ്ജക്ട് ലെവല്‍ മേധാവിയും കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപികയുമായ കായംകുളം ഓച്ചിറ സ്വദേശി ശാന്തി കൃഷ്ണനാണ് യുഎഇയുടെ(UAE) ആദരവ് ലഭിച്ച മലയാളി.

കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മുടങ്ങാതിരിക്കാന്‍ കൃത്യമായ ആസൂത്രണത്തോടെ ക്രമീകരണങ്ങള്‍ ഒരുക്കിയത് പുരസ്‌കാരത്തിനുള്ള തെരഞ്ഞെടുപ്പില്‍ മാനദണ്ഡമായി. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ അധ്യാപകരെ പരിശീലിപ്പിക്കുന്നതിന് നിരവധി ട്രെയിനിങ് പ്രോഗ്രാമുകളും ശാന്തിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. അബുദാബി, അല്‍ ഐന്‍ മേഖലകളിലെ നിരവധി സ്‌കൂളുകളിലെ അധ്യാപകര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധപ്പെട്ട ട്രെയിനിങും മുന്‍ വര്‍ഷങ്ങളില്‍ ഇവര്‍ നല്‍കിയിട്ടുണ്ട്.

മെമന്റോയും രണ്ടുപേര്‍ക്ക് ഇഷ്ടമുള്ള സെക്ടറിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ മടക്കയാത്ര വിമാന ടിക്കറ്റും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ശാന്തിയുടെ ഭര്‍ത്താവ് സുരേഷ് നായര്‍ നാഷണല്‍ ഫുഡ് പ്രൊഡക്ഷന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മകന്‍ നവനീത് നായര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
 

click me!