
കുവൈത്ത്: കാറിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ച് പുതിയ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ യാത്രയ്ക്ക് തുടക്കം കുറിച്ച് പ്രവാസി മലയാളി. തിരുവനന്തപുരം സ്വദേശിയും കുവൈത്ത് പ്രവാസിയുമായ ജിഎസ് മണിക്കുട്ടനാണ് ചരിത്രയാത്ര തുടങ്ങിയത്. ഓഗസ്റ്റ് 15 വൈകുന്നേരം കുവൈത്ത് ടവറിന് സമീപത്ത് നിന്നാണ് ഇദ്ദേഹം യാത്ര ആരംഭിച്ചത്.
600-ലധികം ദിവസങ്ങളിലായി 135 രാജ്യങ്ങളിലൂടെ ഏകദേശം രണ്ടര ലക്ഷം കിലോമീറ്റർ സഞ്ചരിക്കാനാണ് മണികുട്ടന്റെ പദ്ധതി. അമേരിക്കൻ സഞ്ചാരികളായ ജിം റോജേഴ്സും പേജ് പാർക്കറും 116 രാജ്യങ്ങളിലൂടെ 2.45 ലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ച് സ്ഥാപിച്ച റെക്കോർഡ് മറികടക്കുകയാണ് ലക്ഷ്യം. സുസുക്കി ജിംനിയാണ് ലോകയാത്രയ്ക്കായി ഉപയോഗിക്കുന്നത്. 'ഒരു ലോകം, ഒരു യാത്ര, ഒരു ലക്ഷ്യം: സമാധാനം' എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് ഈ യാത്ര ആരംഭിച്ചിരിക്കുന്നത്. സാഹസിക യാത്രയിലൂടെ ലോകസമാധാനത്തിന്റെയും മനുഷ്യസൗഹൃദത്തിന്റെയും സന്ദേശം രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും എത്തിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ആദ്യഘട്ടത്തിൽ കുവൈത്തിൽ നിന്ന് ഇറാഖ്, തുർക്കി, ജോർജിയ, അസർബൈജാൻ, അർമേനിയ എന്നിവിടങ്ങളിലൂടെ യൂറോപ്പിലേക്കും തുടർന്ന് റഷ്യ, യുകെ വഴി ആഫ്രിക്കയിലേക്കുമാണ് യാത്ര. തുടർന്നുള്ള ഘട്ടങ്ങളിൽ ആഫ്രിക്ക, തെക്കേ അമേരിക്ക, അലാസ്ക, ഗൾഫ്, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്താനാണ് പദ്ധതി.
2023-ൽ ഇന്ത്യയിലുടനീളം 99 ദിവസംകൊണ്ട് 69,207 കിലോമീറ്റർ ഒറ്റയ്ക്ക് കാറോടിച്ച് മണികുട്ടൻ ഗിന്നസ് ലോക റെക്കോർഡ് നേടിയിരുന്നു. 22 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു ആ യാത്ര. വിസ നടപടികൾ, അതിർത്തി കടക്കൽ, കാലാവസ്ഥ, ദുഷ്കരമായ റോഡുകൾ, വാഹനപരിപാലനം എന്നിവയാണ് പുതിയ ദൗത്യത്തിലെ പ്രധാന വെല്ലുവിളികൾ. യാത്രയ്ക്ക് 25,000 ലിറ്ററിലധികം ഇന്ധനം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
കുവൈത്തിലെ ഓഫ് റോഡ് വാഹനപ്രേമികളുടെ കൂട്ടായ്മയായ കുവൈത്ത് 4x4 ഇന്ത്യ ക്ലബ്ബിൽ അംഗമാണ് മണിക്കുട്ടൻ. കഴിഞ്ഞ അഞ്ചുമാസത്തോളമായി വിസ, റൂട്ട് മാപ്പ് ഉൾപ്പെടെയുള്ള യാത്രാ ക്രമീകരണങ്ങളിൽ കുവൈത്ത് 4x4 ഇന്ത്യ ക്ലബ്ബ് മണിക്കുട്ടന് പിന്തുണ നൽകി. ക്ലബ്ബ് സെക്രട്ടറി ഷെറി തോമസ് കുവൈത്ത് ടവറിന് സമീപത്തുനിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് അനിലാൽ വാസുദേവൻ ജോയിന്റ് ട്രഷറർ രാജേഷ് എൻവയോൺമെന്റ് ആൻഡ് കമ്മ്യൂണിറ്റി കോ-ഓർഡിനേറ്റർ ലിജു ആന്റണി, അഡ്വൈസറി ബോർഡ് അംഗം പ്രബീഷ് എംപി. കൂടാതെ ഫോറം അംഗങ്ങൾ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam