കുവൈത്തിലെ മഹ്ബൂലയിൽ അനധികൃതമായി ഗർഭച്ഛിദ്ര ഗുളികകൾ വിൽപ്പന നടത്തിയ വിദേശി പിടിയിൽ. അഹ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ സബാഹിയ ഇൻവെസ്റ്റിഗേഷൻ ഓഫീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി.
കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂല മേഖലയിൽ ഗർഭച്ഛിദ്ര ഗുളികകൾ അനധികൃതമായി വിതരണം ചെയ്യുകയും വിൽപ്പന നടത്തുകയും ചെയ്ത ഘാന പൗരനെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് പ്രതിയെ പിടികൂടിയത്.
അഹ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ സബാഹിയ ഇൻവെസ്റ്റിഗേഷൻ ഓഫീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി. തുടർന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണത്തിനുമൊടുവിൽ ഡിറ്റക്ടീവുകൾ പ്രതിയെ പിടികൂടുകയും ഇയാളുടെ പക്കൽ നിന്ന് അഞ്ച് സ്ട്രിപ്പ് ഗർഭച്ഛിദ്ര ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഓരോ സ്ട്രിപ്പും 150 കുവൈത്ത് ദിനാർ നിരക്കിലാണ് വിറ്റിരുന്നതെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഘാനയിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ നിന്നും തന്നെ ബന്ധപ്പെട്ടിരുന്ന അജ്ഞാതനായ ഒരാളാണ് വിൽപ്പനയ്ക്കുള്ള ഗുളികകൾ ശേഖരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തി. അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത ഗുളികകളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.















