ജോലി തേടി യുഎഇയിലെത്തി ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

By Web TeamFirst Published Nov 8, 2020, 10:55 PM IST
Highlights

ഇന്റര്‍നാഷണല്‍ സിറ്റി പേര്‍ഷ്യന്‍ ക്ലസ്റ്ററിലുള്ള സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ നിന്നും നടക്കാനിറങ്ങുകയാണെന്ന് പറഞ്ഞാണ് ആഷിഖ് പുറത്തുപോയത്. മറ്റൊരു സുഹൃത്തായ റമീസിനൊപ്പം നടക്കാനിറങ്ങിയതായിരുന്നു ആഷിഖ്.

ദുബൈ: ജോലി തേടി സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തി ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. എട്ടു ദിവസത്തിലധികമായി കാണാതായ ചേനോത്ത് തുരുത്തുമ്മല്‍ ആഷിഖിനെ(31)യാണ് കണ്ടെത്തിയത്. ഞായറാഴ്ച ആഷിഖ് തിരികെ സുഹൃത്തുക്കളുടെ ഫ്ലാറ്റില്‍ എത്തുകയായിരുന്നു.  

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ ആഷിഖ് ഫ്ലാറ്റില്‍ തിരിച്ചെത്തിയതായി സുഹൃത്തായ ആല്‍ത്താഫ് സി എയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു സ്ഥിരീകരിച്ചു. ആഷിഖ് സുരക്ഷിതമായി തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് സുഹൃത്തുക്കള്‍ പ്രതികരിച്ചു. ഷാര്‍ജയിലുള്ള മറ്റൊരു സുഹൃത്തിനെ കണാന്‍ പോയതാണെന്നാണ് ആഷിഖ് പറഞ്ഞത്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. സുഹൃത്തായ അല്‍ത്താഫും സഹോദരന്‍ മുഹമ്മദ് അഷാനും മറ്റ് സുഹൃത്തുക്കളും ആഷിഖിനെ അന്വേഷിച്ച് ദിവസങ്ങളായി തെരച്ചില്‍ നടത്തുകയായിരുന്നു. ഇവര്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ദുബൈ പൊലീസിലും ആഷിഖിനെ കാണാതായ വിവരം അറിയിച്ചിരുന്നു.

കൊവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടമായ ആഷിഖ് സന്ദര്‍ശക വിസയിലാണ് യുഎഇയിലെത്തിയത്. ഇന്റര്‍നാഷണല്‍ സിറ്റി പേര്‍ഷ്യന്‍ ക്ലസ്റ്ററിലുള്ള സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ നിന്നും നടക്കാനിറങ്ങുകയാണെന്ന് പറഞ്ഞാണ് ആഷിഖ് പുറത്തുപോയത്. മറ്റൊരു സുഹൃത്തായ റമീസിനൊപ്പം നടക്കാനിറങ്ങിയതായിരുന്നു ആഷിഖ്. എന്നാല്‍ മാസ്‌കും പഴ്‌സും മറന്ന റമീസ് ഫ്‌ലാറ്റിന് താഴെ കാത്തുനില്‍ക്കാന്‍ ആഷിഖിനോട് പറഞ്ഞ് മാസ്‌ക് എടുക്കാന്‍ അകത്തേക്ക് പോയി. റമീസ് മാസ്‌കും പഴ്‌സും എടുത്ത് തിരികെ വന്നപ്പോഴേക്കും ആഷിഖിനെ കാണാതാകുയായിരുന്നു.

ഒക്ടോബര്‍ 17ന് തിരികെ യുഎഇയിലെത്തിയപ്പോള്‍ മുതല്‍ ആഷിഖ് പുറത്തിറങ്ങിയിരുന്നില്ല. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് അബുദാബിയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇവിടെ ഒരു ഗ്രോസറി സ്‌റ്റോറില്‍ ആഷിഖിന് ജോലി ശരിയാക്കാന്‍ സഹായിക്കാമെന്ന് ഒരു സുഹൃത്ത് അറിയിച്ചിരുന്നു. ഇതിനിടെയായിരുന്നു ആഷിഖിനെ കാണാതായത്. 


 

click me!