എ ആര്‍ റഹ്മാന്‍ സംഗീതത്തില്‍ ബുര്‍ജ് ഖലീഫയില്‍ ദൃശ്യവിസ്മയം തീര്‍ത്ത് മലയാളികള്‍

By Web TeamFirst Published Oct 24, 2021, 11:37 PM IST
Highlights

എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിന് പൂര്‍ണ്ണമായും പൂക്കളുടെ തീമിലാണ് ഗ്രാഫിക്‌സ് വിഷ്വല്‍ ഷോ ഒരുക്കിയത്.

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍(Burj Khalifa) ദൃശ്യ വിസ്മയം ഒരുക്കി മലയാളികള്‍ പ്രശംസ നേടി. തെലങ്കാന ഗവര്‍ണ്‌മെന്റിന്റെ നേതൃത്വത്തില്‍ വര്‍ഷം തോറും ആഘോഷിക്കുന്ന ബത്തുക്കമ്മ (ഫ്‌ലവര്‍ ഫെസ്റ്റിവല്‍ ) ഫെസ്റ്റിവലിന്റെ ഗ്ലോബല്‍ ലോഞ്ചിന്റെ ഭാഗമായി എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍, യുഎഇയിലെ പ്രശസ്ത പരസ്യ സംവിധായകനും മലപ്പുറം ചങ്ങരംകുളം സ്വാദേശിയായ താമറും സുഹൃത്തുക്കളും ചേര്‍ന്നാണ്  ദൃശ്യ വിസ്മയം തയ്യാറാക്കിയത്.   

എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിന് പൂര്‍ണ്ണമായും പൂക്കളുടെ തീമിലാണ് ഗ്രാഫിക്‌സ് വിഷ്വല്‍ ഷോ ഒരുക്കിയത്. മലപ്പുറം മൂത്തേടം സ്വദേശിയും മിഡില്‍ ഈസ്റ്റിലെ പ്രശസ്ത അനിമേറ്ററുമായ സനൂപ് അഹമ്മദ്  വി പിയാണ് ഷോയുടെ ഗ്രാഫിക്‌സ് വിഭാഗം കൈകാര്യം ചെയ്തത്.  ഒക്ടോബര്‍ 23 രാത്രി 8 മണിക്ക് ബുര്‍ജ്ജ് ഖലീഫയുടെ മുകളില്‍ ഗാനവും വിഷ്വലും ചേര്‍ന്ന മനോഹരമായ പ്രോമോ ഷോയിലൂടെ ബത്തുക്കമ്മ ഫെസ്റ്റിവലിന്റെ ഗ്ലോബല്‍ ലോഞ്ച് അരങ്ങേറി. സംഗീത സംവിധായകന്‍ ഏ ആര്‍ റഹ്മാന്‍ കമ്പോസ് ചെയ്ത ഒരു സോംഗ് പൂര്‍ണ്ണമായും ബുര്‍ജ് ഖലീഫയില്‍ അവതരിപ്പിക്കുന്നത് ഇതാദ്യമായിട്ടാണ്.

ഫെസ്റ്റിവല്‍ ഓഫ് ഫ്ളവേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ബാത്തുക്കമ്മക്ക് വേണ്ടി ഇന്ത്യയിലെ വിവിധ നിറത്തിലുള്ള പൂക്കളുടെ മാതൃകയിലാണ് പ്രോമോ ഷോ ഒരുങ്ങിയത്. പരസ്യ സംവിധായകനായ തൃശൂര്‍ സ്വാദേശി മുഹമ്മദ് ഹാഷിം സുലൈമാനാണ് പ്രോമോ ഷോയുടെ കോ ഡയറക്ടര്‍  ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിന്റെ പ്രോമോ ഷോ തയ്യാറാക്കുന്നതില്‍ സഹകരിക്കാന്‍ കഴിഞ്ഞതിലും, എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷം ഉണ്ടെന്ന് മലയാളികളായ മൂന്നു പേരും പറഞ്ഞു. തെലങ്കാന സംസ്ഥാനം തങ്ങളുടെ തനത് സംസ്‌ക്കാരം ഉയര്‍ത്തിപിടിക്കുന്നതിന്റെ പ്രാധാന്യം നല്‍കിയാണ് ഇത്തരം ഒരു ലോഞ്ച് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തില്‍ ഒരുക്കിയത്. മലയാളിയായ റഫീസ് റഹ്മത്തുള്ള യുടെ കീഴിലുള്ള ബിസ്ഡെസ്‌ക് കമ്പനിയാണ് ഗ്ലോബല്‍ ലോഞ്ച് ഇവന്റ് കണ്ടക്ട് ചെയ്തത്.


 

click me!