സ്‌പോണ്‍സറുടെ ചതിയില്‍ സര്‍വതും നഷ്ടപ്പെട്ട ഇസ്മായിലും രഘുവും നാടണഞ്ഞു

By Web TeamFirst Published Aug 12, 2021, 10:46 PM IST
Highlights

സ്‌പോണ്‍സറുമായി ചേര്‍ന്ന് പത്തു ലക്ഷം റിയാല്‍ മുടക്കി ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റ് വളര്‍ച്ച പ്രാപിച്ചപ്പോള്‍ സ്‌പോണ്‍സര്‍ അത് പിടിച്ചെടുക്കുകയും ഇവരെ പുറത്താക്കുകയുമായിരുന്നു. സ്ഥാപനം സ്പോണ്‍സറുടെ ൈകയ്യിലായതോടെ തൊഴിലാളികളും വിഷമത്തിലായി.

റിയാദ്: സ്‌പോണ്‍സറുടെ ചതിയില്‍ കുടുങ്ങി സര്‍വതും നഷ്ടപ്പെട്ട മലയാളിയും തമിഴ്‌നാട്ടുകാരനും സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞു. റിയാദിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരായിരുന്ന കോഴിക്കോട് സ്വദേശി ഇസ്മായിലും മധുരൈ സ്വദേശി മുരുകന്‍ രഘുരാമനുമാണ് സ്‌പോണ്‍സറുടെ ചതിയില്‍ കുടുങ്ങിയത്. ചാരിറ്റി ഓഫ് പ്രവാസി മലയാളി എന്ന സംഘടനയുടെ സഹായാത്താലാണ് ഇരുവരും നടണഞ്ഞത്.

സ്‌പോണ്‍സറുമായി ചേര്‍ന്ന് പത്തു ലക്ഷം റിയാല്‍ മുടക്കി ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റ് വളര്‍ച്ച പ്രാപിച്ചപ്പോള്‍ സ്‌പോണ്‍സര്‍ അത് പിടിച്ചെടുക്കുകയും ഇവരെ പുറത്താക്കുകയുമായിരുന്നു. സ്ഥാപനം സ്പോണ്‍സറുടെ കയ്യിലായതോടെ തൊഴിലാളികളും വിഷമത്തിലായി. ആരുടേയും താമസരേഖ പുതുക്കി കൊടുക്കാന്‍ ഉടമ തയ്യാറായില്ല. കഴിഞ്ഞ അഞ്ചര വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ പ്രയാസപ്പെട്ട ഇസ്മായിലും രഘുവും ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ സഹായം തേടുകയായിരുന്നു. വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കിയ സാമൂഹിക പ്രവര്‍ത്തകര്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടു മുന്ന് മാസത്തെ നിരന്തരമായ ചര്‍ച്ചയിലും ഇടപെടലിനുമൊടുവില്‍ സ്‌പോണ്‍സര്‍ ഇരുവര്‍ക്കും ഫൈനല്‍ എക്‌സിറ്റ് നല്‍കി.

നാട്ടിലെത്താന്‍ കഴിയാഞ്ഞത് കൊണ്ട് മൂന്ന് പ്രാവശ്യം വിവാഹം മുടങ്ങിയ രഘുരാമനും ഇസ്മായിലും തങ്ങളെ സഹായിച്ചവര്‍ക്കു നന്ദി അറിയിച്ചുകൊണ്ട് നാട്ടിലേക്ക് തിരിച്ചു. ഇരുവരെയും സഹായിക്കുന്നതിനായി അയൂബ് കരൂപ്പടന്ന, നിസ്സാര്‍ കൊല്ലം, മുജീബ് ചാവക്കാട്, മുഹാദ് കരൂപ്പടന്ന എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.


(ഫോട്ടാ: ഇസ്മായിലിനും രഘുവിനുമുള്ള യാത്രാരേഖകള്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് പ്രസിഡന്റ് അയൂബ് കരൂപടന്ന കൈമാറുന്നു)

click me!