
റിയാദ്: പ്രിയതമനൊപ്പം ജീവിക്കാന്‍ നിറയെ സന്തോഷത്തോടെ സൗദി അറേബ്യയിലെത്തിയ ഖമറുന്നിസ ഒടുവില്‍ ഏകയായി നാട്ടിലേക്ക് മടങ്ങി. സൗദിയിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങിപ്പോയ സഫ്‍വാന്‍ പിന്നീട് മടങ്ങിവന്നില്ല. മരിച്ചെന്ന് അറിഞ്ഞിട്ടും തൊട്ടടുത്തുണ്ടായിട്ടും കൊവിഡ് ബാധിതനായിരുന്നതിനാല്‍ ആ മൃതദേഹം ഒരുനോക്ക് കണ്ട് സ്വന്തം മനസിനെ ആ യാഥാര്‍ത്ഥ്യം വിശ്വസിപ്പിക്കാന്‍ ഖമറുന്നിസയ്ക്കായില്ല. രണ്ട് മാസത്തെ സൗദി ജീവിതത്തിന് വിട നല്‍കി ഖമറുന്നിസ, കഴിഞ്ഞ ദിവസത്തെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു.
റിയാദില്‍ ഡ്രൈവറായിരുന്ന മലപ്പുറം തിരൂരങ്ങാടി ചെമ്മാട് സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ്‍വാന്‍ (37) ഏപ്രില്‍ നാലിന് രാത്രിയാണ് സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്. സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആദ്യത്തെ മലയാളിയായിരുന്നു അദ്ദേഹം. മരിയ്ക്കുന്നതിനും അഞ്ച് ദിവസം മുമ്പാണ് സഫ്‍വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് എട്ടിനാണ് സന്ദര്‍ശക വിസയില്‍ സഫ്‍വാനടുത്തേക്ക് ഖമറുന്നിസ എത്തിയത്. രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പനിയുടെ ലക്ഷണങ്ങളോടെ സഫ്‍വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയും സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കകയുമായിരുന്നു. ഖമറുന്നിസയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് ഭേദമായിരുന്നു.
പ്രിയതമന്റെ മരണവിവരം അറിഞ്ഞതല്ലാതെ മൃതദേഹം കണ്ടവരെപ്പോലും ഖമറുന്നിസയ്ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. മനസിനെ ആ യാഥാര്‍ത്ഥ്യം പറഞ്ഞുമനസിലാക്കി ഇന്നലെ ഉച്ചയോടെ യാത്ര തിരിയ്ക്കുന്നതിന് മുമ്പ് തന്റെ പ്രിയതമന്റെ ഖബറിടം കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.
റിയാദിലെ മഖ്ബറത്തുശിമാലില്‍ 43-ാം നിരയില്‍ 23-ാമത്തെ ഖബറായിരുന്നു സഫ്‍വാന്റേത്. സാമൂഹിക പ്രവര്‍ത്തകനും നാട്ടുകാരനുമായ മുനീര്‍ മക്കാനിയുടെ കുടുംബത്തോടൊപ്പമാണ് ഖമറുന്നിസ ഇവിടെ എത്തിയത്. ഒരു മണിക്കൂറിലധികം സമയം അവിടെ ചെലവിട്ട് തേങ്ങിക്കരഞ്ഞ് പ്രാര്‍ത്ഥിച്ച ശേഷം സലാം ചൊല്ലി വാഹനത്തില്‍ കയറി. ഇന്നലെയുള്ള വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. സഫ്‍വാന്റെ മരണശേഷം മുനീറിന്റെ കുടുംബത്തോടൊപ്പമാണ് ഖമറുന്നിസ കഴിഞ്ഞിരുന്നത്.
Read more: 'പണിപാളിയെന്ന് തോന്നുന്നു'; കൊവിഡിന് കീഴടങ്ങും മുമ്പ് സഫ്‍വാന്‍ സുഹൃത്തിനയച്ച ശബ്ദ സന്ദേശം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ