
റിയാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം നിലമേൽ വളയിടം സ്വദേശി ജാസ്മിൻ മൻസിലിൽ മുഹമ്മദ് റഷീദ് (55) ആണ് റിയാദ് ശുമൈസി ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയിൽ മരിച്ചത്. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ 20 വർഷമായി ഡ്രൈവറായിരുന്നു.
സൗദിയിൽ 30 വർഷമായി പ്രവാസിയാണ്. അസുഖ ബാധയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ലൈല ബീവി. മക്കൾ: ജാസ്മിൻ, ജസ്ന. നേരത്തെ, കൊവിഡ് 19 ബാധിച്ച് മൂന്ന് മലയാളികൾ കൂടെ ഗള്‍ഫ് നാടുകളില്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
തൃശ്ശൂർ കേച്ചേരി സ്വദേശി അബ്ദുൾ ജബ്ബാർ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം, കൊല്ലം ചവറ മുകുന്ദപുരം സ്വദേശി സുദർശൻ നാരായണൻ എന്നിവരാണ് മരിച്ചത്. ഖത്തറിൽ ചൊവ്വാഴ്ച മാത്രം രണ്ട് മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം ദോഹയില്‍ വച്ചാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തൃശ്ശൂർ കേച്ചേരി സ്വദേശി വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാറും ഖത്തറിലാണ് മരിച്ചത്.
കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 35 വര്‍ഷമായി മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്നു അദ്ദേഹം. ചവറ സ്വദേശി സുദർശൻ നാരായണൻ ദമാമിലെ സെൻട്രൽ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam