കോവിഡ് 19: ജി സി സി രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-ട്രാക്ക് സംവിധാനവുമായി ഹജ്ജ്-ഉംറ മന്ത്രാലയം

By Web TeamFirst Published Mar 1, 2020, 11:47 PM IST
Highlights

സൗദിയിലുള്ള ഗൾഫ് പൗരന്മാർക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ ഹജ്ജ്-ഉംറ മന്ത്രാലയത്തിന്‍റെ ഇ- ട്രാക്ക് സംവിധാനം വഴി ഉംറ നിർവഹിക്കാനുള്ള അനുമതി തേടാം

റിയാദ്: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ജി സി സി രാജ്യങ്ങളിലെ പൗരന്മാർക്ക് ഹജ്ജ് - ഉംറ മന്ത്രാലയം ഇ-ട്രാക്ക് സംവിധാനമൊരുക്കുന്നു. മക്ക, മദീന സന്ദർശനത്തിന് ജി സി സി പൗരന്മാർക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്കിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇ- ട്രാക്ക് സംവിധാനം ഒരുക്കുന്നത്.

നിലവിൽ സൗദിയിലുള്ള ഗൾഫ് പൗരന്മാർക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ ഹജ്ജ്-ഉംറ മന്ത്രാലയത്തിന്‍റെ ഇ- ട്രാക്ക് സംവിധാനം വഴി ഉംറ നിർവഹിക്കാനുള്ള അനുമതി തേടാം. ഇ- ട്രാക്ക് സംവിധാനം ഉപയോഗിക്കാനായി ഹജ്ജ് -ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ജി സി സി പൗരന്മാർ തങ്ങളുടെ പൂർണ വ്യക്തിഗത വിവരങ്ങൾ നൽകണം. കൂടാതെ മക്കയിലെയും, മദീനയിലെയും താമസ സ്ഥലം, സൗദിയിൽ പ്രവേശിച്ച ദിവസം എന്നീ വിവരങ്ങളും നൽകണം.

എന്നാലിവർ തുടർച്ചയായി 14 ദിവസമായി രാജ്യത്തു തങ്ങുന്നവരായിരിക്കണമെന്ന നിബന്ധനയുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജി സി സി പൗരന്മാർക്ക് ഉംറ നിർവ്വഹിക്കാൻ അനുമതി ലഭിക്കുക. വിവിധ ജി സി സി രാജ്യങ്ങളിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുതലാണ് പൗരന്മാർക്ക് മക്ക- മദീന പ്രവേശനത്തിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.

click me!