ദുബായിൽ ഷെയർഡ് അപ്പാർട്ട്‌മെന്റുകൾക്കും ബെഡ് സ്പേസുകൾക്കും പുതിയ നിയമം വരുന്നു. ഇത് പ്രകാരം, താമസക്കാരുടെ എണ്ണത്തിൽ നിയന്ത്രണവും, മുറികൾ വാടകയ്ക്ക് നൽകാൻ ഔദ്യോഗിക അനുമതിയും നിർബന്ധമാകും. നിയമലംഘകർക്ക് കനത്ത പിഴയും മറ്റ് നടപടികളും നേരിടേണ്ടി വരും.
അബുദാബി: വാടക കുറയ്ക്കുന്നതിനായി ദുബായിൽ നിരവധി പ്രവാസികളാണ് ഷെയർഡ് അപ്പാർട്ട്‌മെന്റുകളെയും ബെഡ് സ്പേസുകളെയും ആശ്രയിക്കുന്നുണ്ട്. എന്നാൽ പുതിയ നിയമം നിലവിൽ വരുന്നതോടെ ഇത്തരം താമസസൗകര്യങ്ങളുടെ രീതികളിൽ വലിയ മാറ്റങ്ങൾ വരും. എവിടെ താമസിക്കണം, എത്ര പേർക്ക് ഒരു മുറി പങ്കിടാം, ആർക്കൊക്കെ നിയമപരമായി മുറികൾ വാടകയ്ക്ക് നൽകാം എന്നിവയെല്ലാം ഈ നിയമം നിശ്ചയിക്കും.
താമസക്കാർക്കും കെട്ടിട ഉടമകൾക്കും ഒരുപോലെ ബാധകമായ പ്രധാന മാറ്റങ്ങൾ ഇവയാണ്:
1. എല്ലാ ഫ്ലാറ്റുകളും ഷെയർഡ് ഹൗസിംഗിനായി ഉപയോഗിക്കാനാവില്ല
ഇനിമുതൽ ഒരു അപ്പാർട്ട്‌മെന്റ് ഇഷ്ടാനുസരണം ഷെയർഡ് ഹൗസിംഗാക്കി മാറ്റാൻ കഴിയില്ല. ഒരു അപ്പാർട്ട്‌മെന്റ് ഷെയർഡ് ഹൗസിംഗാക്കി മാറ്റണമെങ്കിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക അനുമതി പത്രം നിർബന്ധമാണ്. ജനസാന്ദ്രത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കണക്കിലെടുത്ത് ഏതൊക്കെ പ്രദേശങ്ങളിൽ ഷെയർഡ് ഹൗസിംഗ് അനുവദിക്കണമെന്ന് മുനിസിപ്പാലിറ്റി ആയിരിക്കും തീരുമാനിക്കുക. അതുകൊണ്ടുതന്നെ ചില ജനവാസ മേഖലകളിൽ ഇത്തരം താമസസൗകര്യങ്ങൾക്ക് നിയന്ത്രണം വരാനുള്ള സാധ്യതയുണ്ട്.
2. താമസക്കാരുടെ എണ്ണത്തിൽ നിയന്ത്രണം
ഒഒരു അപ്പാർട്ട്‌മെന്റ് ഷെയർഡ് ഹൗസിംഗാക്കി മാറ്റണമെങ്കിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക അനുമതി പത്രം നിർബന്ധമാണ്. ജനസാന്ദ്രത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കണക്കിലെടുത്ത് ഏതൊക്കെ പ്രദേശങ്ങളിൽ ഷെയർഡ് ഹൗസിംഗ് അനുവദിക്കണമെന്ന് മുനിസിപ്പാലിറ്റി ആയിരിക്കും തീരുമാനിക്കുക. അതുകൊണ്ടുതന്നെ ചില ജനവാസ മേഖലകളിൽ ഇത്തരം താമസസൗകര്യങ്ങൾക്ക് നിയന്ത്രണം വരാനുള്ള സാധ്യതയുണ്ട്.
3. ലൈസൻസുള്ള ഉടമകൾക്ക് മാത്രം വാടകയ്ക്ക് നൽകാം
നിയമം നിലവിൽ വരുന്നതോടെ കെട്ടിട ഉടമയ്ക്കോ അല്ലെങ്കിൽ അവർ അംഗീകരിച്ച റിയൽ എസ്റ്റേറ്റ് കമ്പനിക്കോ മാത്രമേ ഷെയർഡ് ഹൗസിംഗ് യൂണിറ്റുകൾ വാടകയ്ക്ക് നൽകാൻ അനുവാദമുണ്ടാകുകയുള്ളൂ. ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത താമസക്കാരൻ അത് വീണ്ടും മുറിച്ചോ ബെഡ് സ്പേസായോ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകുന്നതും പുതിയ നിയമം തടയും.
4. ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനം
ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് ഷെയർഡ് ഹൗസിംഗിനായി ഒരു പ്രത്യേക ഇലക്ട്രോണിക് രജിസ്ട്രി തയ്യാറാക്കും. ഇതിൽ ഉടമയുടെ വിവരങ്ങൾ, താമസക്കാരുടെ എണ്ണം, ഓരോരുത്തർക്കും അനുവദിച്ച സ്ഥലത്തിന്റെ വിസ്തീർണ്ണം തുടങ്ങിയ വിവരങ്ങളാണ് ഉണ്ടാകുക. കൂടാതെ, ഇത്തരം താമസസൗകര്യങ്ങൾക്കായി ഒരു പ്രത്യേക 'റെന്റ് ഇൻഡിക്കേറ്ററും' തയ്യാറാക്കും.
5. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ
ഫയർ സേഫ്റ്റി, ശുചിത്വം, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, കെട്ടിടത്തിന്റെ പൊതുവായ സുരക്ഷ എന്നീ പൊതുവായ മാനദണ്ഡങ്ങൾ പാലിക്കാത്ത യൂണിറ്റുകളുടെ പെർമിറ്റുകൾ റദ്ദാക്കും. അപാർട്ടുമെൻ്റുകളിൽ ആളുകൾ തിങ്ങി പാർക്കുന്നത് ഒഴിവാക്കുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ഇതുകൊണ്ട് അധികൃതർ ലക്ഷ്യം വെക്കുന്നത്.
6. നിയമലംഘകർക്ക് കനത്ത പിഴ
പുതിയ നിയമം ലംഘിക്കുന്നവർക്കെതിരെ 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ വീണ്ടും നിയമലംഘനം നടത്തിയാൽ പിഴ 10 ലക്ഷം ദിർഹം വരെയാകും. വാണിജ്യ ലൈസൻസുകൾ റദ്ദാക്കുക, വൈദ്യുതി, ജല കണക്ഷനുകൾ വിച്ഛേദിക്കുക,നിയമവിരുദ്ധ താമസക്കാരെ ഒഴിപ്പിക്കുക തുടങ്ങിയ നടപടികളും ഇതിൻ്റെ കൂടെ ഉണ്ടാകും.
ഇപ്പോൾ താമസിക്കുന്നവരുടെ കാര്യമോ?
ഇപ്പോഴുള്ള താമസക്കാർക്ക് പുതിയ നിയമവുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം ആവശ്യമായി വരും. നിലവിൽ ഷെയർഡ് അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവർക്കും അവ നടത്തുന്നവർക്കും പുതിയ നിയമങ്ങളുമായി പൊരുത്തപ്പെടാൻ ഒരു വർഷം സമയം അനുവദിക്കുന്നുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷമായിരിക്കും നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരുന്നത്.
തർക്കങ്ങൾ ഉണ്ടായാൽ അവ പരിഹരിക്കാൻ 'ദുബായ് റെന്റൽ ഡിസ്പ്യൂട്ട് സെന്ററിനെ' സമീപിക്കാവുന്നതാണ്.


