കുവൈത്തിൽ ഉച്ച സമയത്ത് പുറംജോലി ചെയ്യിപ്പിച്ചതിന് 112 കേസ്

By Web TeamFirst Published Jun 15, 2019, 11:40 PM IST
Highlights

കൊടും ചൂടിൽ കുവൈത്തിൽ രണ്ട് പേരാണ് ഇതുവരെ മരണമടഞ്ഞിരിക്കുന്നത്.

കുവൈത്ത് സിറ്റി: യുഎഇയിൽ തുടരുന്ന കനത്ത ചൂടിൽ വലഞ്ഞ് കുവൈത്തും. ഈ വർഷം കുവൈത്തിൽ റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ പ്രവചനം. ഉച്ച സമയത്ത് പുറം ജോലി ചെയ്യിപ്പിച്ചതിന് നൂറ്റിപ്പന്ത്രണ്ട് കേസുകളാണ് ഈ മാസം മാത്രം ഇവിടെ രജിസ്റ്റർ ചെയ്തത്.

നിയമം ലംഘിച്ച് ഉച്ച സമയത്ത് പുറംജോലി ചെയ്യിപ്പിച്ചതിന്റെ പേരിൽ ഈ മാസം ഇതു വരെ 112 കേസുകൾ രജിസ്റ്റർ ചെയ്തു. ഉച്ചയ്ക്ക് 11 മുതൽ വൈകിട്ട് 5 വരെ ഓഗസ്റ്റ് അവസാനം വരെ ജോലി ചെയ്യരുതെന്നാണ് സർക്കാർ ഉത്തരവ്. ഇത് ലംഘിക്കുന്നവർ 100 കുവൈത്ത് ദിനാർ പിഴ നൽക്കണം. ചൂട് കനത്തതോടെ 14,360 കിലോവാട്ട് വൈദ്യുതിയാണ് കുവൈത്തിൽ ഒരു ദിവസം ഉപയോഗിച്ചത്. വരും ദിവസങ്ങളിൽ ഇത് ഇനിയും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ കുവൈത്തിൽ താപനില 50-52 ഡിഗ്രി സെൽഷ്യസ് ആകുമെന്നാണ് മുന്നറിയിപ്പ്.

കൊടും ചൂടിൽ കുവൈത്തിൽ രണ്ടാമത്തെ മരണമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. മരിച്ച രണ്ട് പേരും ഈജിപ്ത് പൗരന്മാരാണ്. രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന രാജ്യമാണ് കുവൈത്ത് എന്നാണ് കാലാവസ്ഥ നീരിക്ഷകർ വ്യക്തമാക്കുന്നത്. നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ 60 മുതൽ 65 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും താപനില.

click me!