
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് ശൃംഖല തകർത്തു. മയക്കുമരുന്ന് കടത്തലിനെതിരായ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ക്രിമിനൽ സുരക്ഷാ വിഭാഗം നടത്തിയ പ്രത്യേക ഓപ്പറേഷനിൽ വലിയ ലഹരി ശൃംഖല തകർത്തത്. ഇറാനിൽ നിന്ന് കടത്താൻ ശ്രമിച്ച 100 കിലോഗ്രാമിൽ കൂടുതൽ ഹാഷിഷും കഞ്ചാവുമാണ് കുവൈത്ത് അധികൃതർ പിടിച്ചെടുത്തത്.
വിവരങ്ങൾ ശേഖരിച്ച ശേഷം നിരീക്ഷണം ശക്തമാക്കുകയായിരുന്നു. തുടർന്ന് ഒരു കുവൈത്ത് പൗരൻ സ്വന്തം സ്വകാര്യ ബോട്ട് ഉപയോഗിച്ച് ഇറാനിൽ നിന്നുള്ള മയക്കുമരുന്നുകൾ രാജ്യത്തിനകത്ത് എത്തിക്കാൻ പദ്ധതിയിടുന്നതായി ഉദ്യോഗസ്ഥർക്ക് വ്യക്തമായി. പ്രത്യേക ടീമിനെ രൂപീകരിച്ച് കർശനമായ നിരീക്ഷണത്തിലൂടെ പ്രതിയുടെ നീക്കം പിന്തുടര്‍ന്നു. ഷുവൈഖ് തുറമുഖത്ത് എത്തിയ ബോട്ട് പരിശോധിച്ചപ്പോൾ വിവിധ ഭാഗങ്ങളിലാക്കി ഒളിപ്പിച്ച നിലയിൽ വലിയ അളവിലുള്ള ലഹരിപദാർത്ഥങ്ങൾ കണ്ടെത്തുകയായിരുന്നു. ബോട്ടിന്‍റെ സംശയാസ്പദമായ ഭാഗങ്ങൾ തുറക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും തീ നിയന്ത്രണ വിഭാഗത്തിന്റെ സഹായവും തേടിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതിക്കെതിരെ കേസെടുത്തു. പ്രതിയെയും ലഹരിപദാർത്ഥങ്ങളും നടപടികൾക്കായി മയക്കുമരുന്ന് നിരോധന അതോറിറ്റിക്ക് കൈമാറിയതായും അധികൃതർ പറഞ്ഞു. ആഭ്യന്തര മന്ത്രാലയം രാജ്യത്തെ ലഹരിയിൽ നിന്ന് സംരക്ഷിക്കാൻ എല്ലാ ശക്തിയും ഉപയോഗിക്കുമെന്നും ഏതുവിധ ലഹരി ശൃംഖലകളെയും തകർക്കുമെന്നും കടുത്ത നടപടി നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ