നിയമം ലംഘിച്ച് ഒത്തുകൂടുന്ന പ്രവാസികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Jul 1, 2021, 9:19 PM IST
Highlights

രാജ്യസുരക്ഷയെ സംബന്ധിക്കുന്ന നിയമങ്ങള്‍ ലംഘിക്കുന്നതും പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നതും ഏത് രാജ്യക്കാരായാലും കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമം ലംഘിച്ച് ഒത്തുചേരുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇറാദ സ്‍ക്വയറില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ ചില പ്രവാസികളും പങ്കെടുത്തതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. 

രാജ്യസുരക്ഷയെ സംബന്ധിക്കുന്ന നിയമങ്ങള്‍ ലംഘിക്കുന്നതും പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നതും ഏത് രാജ്യക്കാരായാലും കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറാദ സ്‍ക്വയറില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതായി തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് ഒരു ജോര്‍ദാന്‍ സ്വദേശിയെ അടുത്തിടെ അറസ്റ്റ് ചെയ്‍ത് നാടുകടത്തിയിരുന്നു.  രാജ്യത്ത് കൊവിഡ് നിയന്ത്രണത്തിനായി മന്ത്രിസഭ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെയും വാക്സിനെടുത്തവരെ മാത്രം പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതിനും എതിരെയായിരുന്നു പ്രതിഷേധം. 

ഇറാദ സ്‍ക്വയറിലെ പ്രതിഷേധത്തില്‍ പ്രവാസികളുടെ പങ്കാളിത്തമുണ്ടോയെന്ന് ആഭ്യന്തര മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കാത്തവര്‍ക്ക് കുവൈത്തില്‍ സ്ഥാനമില്ലെന്നും പൊതുജന താത്പര്യം മുന്‍നിര്‍ത്തി ഇവരെ നാടുകടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ നിയമപ്രകാരം വിദേശികള്‍ രാജ്യത്ത് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനോ അവയില്‍ പങ്കെടുക്കാനോ പാടില്ല. 

click me!