
കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ കർശന ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്ത് അധികൃതര്‍. കർശന പിഴ ചുമത്തുമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ചില സാഹചര്യങ്ങളിൽ വാഹനങ്ങൾ രണ്ട് മാസം വരെ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
വാഹനങ്ങൾ പിടിച്ചെടുക്കൽ: നിയമലംഘനം നടത്തുകയോ, ഗതാഗതത്തിന് മനഃപൂർവം തടസ്സമുണ്ടാക്കുകയോ, അല്ലെങ്കിൽ നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുകയോ ചെയ്യുന്ന ഡ്രൈവർമാരെ പിടികൂടിയാൽ വാഹനങ്ങൾ രണ്ട് മാസത്തേക്ക് പിടിച്ചെടുക്കും. ഈ കുറ്റങ്ങൾക്ക്, നിയമ ലംഘനത്തിന്‍റെ ഗൗരവമനുസരിച്ച് 15 മുതൽ 20 കുവൈത്തി ദിനാർ വരെ പിഴയീടാക്കാനും സാധ്യതയുണ്ട്.
ട്രാഫിക് ലെയ്ൻ ലംഘനങ്ങൾ
ഡ്രൈവർമാർ ലെയ്ൻ മാർക്കിംഗുകളും ട്രാഫിക് ചിഹ്നങ്ങളും അനുസരിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, കോടതിയിലേക്ക് റഫർ ചെയ്യുന്നതിലൂടെ രണ്ട് മാസം വരെ തടവും 100 മുതൽ 200 കുവൈത്തി ദിനാർ വരെ പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളും ഒരുമിച്ചോ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനു പകരം 50 കുവൈത്തി ദിനാർ പിഴയീടാക്കിയുള്ള ഒത്തുതീർപ്പ് ഉത്തരവും നൽകിയേക്കാം.
അശ്രദ്ധമായ ഡ്രൈവിംഗ്
അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് കൂടുതൽ കഠിനമായ ശിക്ഷകൾ നേരിടേണ്ടി വരും. ഇതിന് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും 600 നും 1,000 നും ഇടയിൽ കുവൈത്തി ദിനാർ പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഏതെങ്കിലും ഒന്നും ലഭിക്കാം. ഇതിന് പകരം 150 കുവൈത്തി ദിനാർ ഒത്തുതീർപ്പ് പിഴയീടാക്കാം.
മൊബൈൽ ഫോൺ ഉപയോഗം
ഡ്രൈവ് ചെയ്യുമ്പോഴോ സിഗ്നലിൽ കിടക്കുമ്പോഴോ കയ്യിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മറ്റൊരു ഗുരുതരമായ കുറ്റമാണ്. ശിക്ഷിക്കപ്പെട്ട ഡ്രൈവർമാർക്ക് മൂന്ന് മാസം വരെ തടവും 150 മുതൽ 300 കുവൈത്തി ദിനാർ വരെ പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഏതെങ്കിലും ഒന്നും ലഭിക്കാം. ഇതിനു പകരം 75 കുവൈത്തി ദിനാർ ഒത്തുതീർപ്പ് പിഴയായി ചുമത്തിയേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ