പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യക്കാര്‍ക്ക് കുവൈത്തില്‍ താല്‍ക്കാലിക പ്രവേശന വിലക്ക്

By Web TeamFirst Published Jul 30, 2020, 1:18 PM IST
Highlights

കുവൈത്തില്‍ ആദ്യ ഘട്ടത്തില്‍ 20 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഓവിയേഷന്‍ അറിയിച്ചിരുന്നു. 

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി കുവൈത്ത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഇറാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.

ഓഗസ്റ്റ് ഒന്നുമുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊമേഴ്‌സ്യല്‍ വിമാന സര്‍വ്വീസ് ആരംഭിക്കാനിരിക്കുമ്പോള്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊഴികെ മന്ത്രിസഭ പ്രവേശനാനുമതി നല്‍കിയതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. കുവൈത്ത് വ്യോമയാന വകുപ്പ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവധിക്ക് നാട്ടിലെത്തി തിരിച്ചു മടങ്ങാനാകാതെ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ് പുതിയ തീരുമാനം.

ഓഗസ്റ്റ് ഒന്നിന് കുവൈത്ത് കൊമേഴ്സ്യൽ വിമാനസർവ്വീസ് ആരംഭിക്കുമ്പോൾ തിരിച്ച് വരാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നാലര മാസമായി നാട്ടിലുള്ള പ്രവാസികൾ. വ്യോമ ഗതാഗതം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ ദിവസം ഇന്ത്യൻ, കുവൈത്ത്​ വ്യോമയാന വകുപ്പുകൾ തമ്മിൽ ചർച്ച നടത്തിയിരുന്നു.

കുവൈത്തില്‍ ആദ്യ ഘട്ടത്തില്‍ 20 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഓവിയേഷന്‍ അറിയിച്ചിരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്തവളത്തില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന കമ്പനികള്‍ ഈ രാജ്യങ്ങളിലേക്കും ഇവിടങ്ങളില്‍ നിന്ന് തിരിച്ചുമുള്ള സര്‍വീസുകള്‍ നടത്തും. 

click me!