
കുവൈത്ത് സിറ്റി: ഇന്ന് രാവിലെ നിരവധി യു എസ് സൈനിക വിമാനങ്ങൾ കുവൈത്തിൽ അപകടത്തിൽപ്പെട്ടതായി മിനിസ്ട്രി ഓഫ് ഡിഫെൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു. എന്നാൽ വിമാനങ്ങളിലെ മുഴുവൻ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ക്രൂ അംഗങ്ങളെ ഒഴിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി ആരോഗ്യപരിശോധനയും ആവശ്യമായ ചികിത്സയും നൽകി. അവരുടെ ആരോഗ്യനില സ്ഥിരതയിലാണെന്ന് അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ കുറിച്ച് സൗഹൃദ യു.എസ് സേനയുമായി നേരിട്ടുള്ള ഏകോപനം നടത്തി, സംയുക്ത സാങ്കേതിക നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വക്താവ് വ്യക്തമാക്കി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും, വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നു മാത്രമേ സ്വീകരിക്കാവൂ എന്നും അധികൃതർ അഭ്യർഥിച്ചു.
ഗൾഫ് മേഖലയിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു. ഗൾഫ് രാജ്യങ്ങളിൽ വിവിധ ഇടങ്ങളിൽ സ്ഫോടന ശബ്ദം കേൾക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. കുവൈത്തിൽ അമേരിക്കയുടെ യുദ്ധവിമാനം വീഴ്ത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലെ യുഎസ് എംബസിയിലും അഹ്മദി റിഫൈനറിയിലും യുഎഇയിലെ ആമസോൺ ഡാറ്റ സെന്ററിലും ആക്രമണം ഉണ്ടായി. ദുബായ് അടക്കം ജി.സി.സിയിലെ സുപ്രധാന വാണിജ്യ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ഉന്നമിട്ട് ഇന്നും ഇറാന്റെ ഡ്രോണുകൾ എത്തി. ബഹ്റൈനിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾ മരിച്ചു എന്നും റിപ്പോർട്ടുണ്ട്. പ്രകോപനം തുടർന്നാൽ ഗുരുതര പ്രത്യാഘാതമെന്ന് ജി.സി.സി കൗൺസിൽ പ്രതികരിച്ചു. അതേസമയം, അമേരിക്കയുമായി ഒരു സന്ധി സംഭാഷണത്തിനും തയ്യാറല്ലെന്ന് ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി.
വ്യോമ ഗതാഗതം നിശ്ചലം
യുദ്ധഭീതി തുടരുന്നതോടെ ഗൾഫ് മേഖലയിലേക്കുള്ള വ്യോമ ഗതാഗതം മൂന്നാം ദിവസവും നിശ്ചലം. സംസ്ഥാനത്തെ പ്രധാന എയർപോർട്ടുകളിൽ നിന്നായി 4 സർവ്വീസുകളൊഴികെ ഗൾഫ് മേഖലയിലേക്കുള്ള മുഴുവൻ സർവ്വീസും റദ്ദാക്കി. മസ്കറ്റ്,ഒമാൻ എന്നിവടങ്ങളിലേക്ക് മാത്രമാണ് ചുരുക്കം സർവ്വീസുകൾ നടക്കുന്നത്. കൊച്ചിയിൽ നിന്ന് ഇന്ന് മാത്രം റദ്ദാക്കിയ വിമാന സർവീസുകളുടെ എണ്ണം 44 ആയി. ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 38 സർവീസുകളും റദ്ദാക്കി. ജിദ്ദയിൽ നിന്നും ഒന്നും മസ്കറ്റിൽ നിന്നുമുള്ള രണ്ട് വീതം സർവ്വീസുകളും മാത്രമാണ് കൊച്ചിയിലെത്തിയത്. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരികെയും സൗദി എയർലൈൻസ് സർവ്വീസ് നടത്തും. കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്കും ഒമാൻ എയർവെയ്സ് സർവ്വീസുണ്ട്. എന്നാൽ മൂന്ന് ദിവസമായി 73 വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് മാത്രം സർവ്വീസുകൾ റദ്ദാക്കിയത്. കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കുള്ള 20 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. ഗൾഫിൽ നിന്ന് കരിപൂരിലേക്ക് ഉള്ള 22 സർവീസുകളും ഇന്ന് ഉണ്ടാകില്ല. റിയാദ്, മസ്കറ്റ് എന്നിവടങ്ങളിൽ നിന്ന് ഫ്ലൈ നാസ്, സലാം എയർ വിമാനങ്ങൾ മാത്രമാണ് കരിപ്പൂരിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്ത് നിന്ന് 65 വിമാന സർവ്വീസുകളാണ് മൂന്ന് ദിവസമായി മുടങ്ങിയത്. ഇന്ന് മാത്രം 20 സർവ്വീസുകൾ. മസ്കറ്റിവേക്കുള്ള ഒമാൻ എയർ മാത്രമാണ് സർവ്വീസ് നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam