കുവൈത്തില്‍ വാക്സിനെടുക്കാത്തവര്‍ പ്രവേശിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് 5000 ദിനാര്‍ പിഴ

By Web TeamFirst Published Jun 28, 2021, 3:29 PM IST
Highlights

സര്‍ക്കാര്‍ നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക സംഘങ്ങള്‍ 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്. സ്ഥാപനങ്ങള്‍ക്കുള്ളില്‍ വാക്സിനെടുക്കാത്തവര്‍ പ്രവേശിച്ചതായി കണ്ടെത്തിയാല്‍ പിഴ ചുമത്തും.

കുവൈത്ത് സിറ്റി: കുവൈത്തിലെ മാളുകളും ജിമ്മുകളും അടക്കമുള്ള സ്ഥാപനങ്ങളില്‍ വാക്സിനെടുക്കാത്തവര്‍ പ്രവേശിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് 5000 ദിനാര്‍ (12 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ചുമത്തും. ഞായറാഴ്‍ച മുതലാണ് രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. മാളുകള്‍, ജിമ്മുകള്‍, സലൂണുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്.

സര്‍ക്കാര്‍ നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക സംഘങ്ങള്‍ 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്. സ്ഥാപനങ്ങള്‍ക്കുള്ളില്‍ വാക്സിനെടുക്കാത്തവര്‍ പ്രവേശിച്ചതായി കണ്ടെത്തിയാല്‍ പിഴ ചുമത്തും. രാജ്യത്തെ പ്രധാന മാളുകളില്‍ പരിശോധനയ്‍ക്കായി പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിരീക്ഷണവുമുണ്ട്.

മൊബൈല്‍ ആപ്ലിക്കേഷനുകളായ 'മൈ ഐഡന്റിറ്റി', 'ഇമ്മ്യൂണിറ്റി' എന്നിവ വഴിയാണ് പരിശോധന നടത്തുന്നത്. കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കും. ആപ്ലിക്കേഷനില്‍ രണ്ട് ഡോസുകള്‍ മുഴുവനായോ അല്ലെങ്കില്‍ ഒരു ഡോസ് മാത്രമായോ വാക്സിന്‍ സ്വീകരിച്ചതിനെ സൂചിപ്പിക്കുന്ന പച്ച അല്ലെങ്കില്‍ ഓറഞ്ച് കളര്‍ കോഡ് ഉള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാം. വാക്സിനെടുക്കാത്തതിനെ സൂചിപ്പിക്കുന്ന റെഡ് കളര്‍കോഡാണെങ്കില്‍ പ്രവേശനം നിഷേധിക്കും.

click me!