
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്. പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നു. നിരവധി റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. അന്താരാഷ്ര വിമാനത്താവളം ഇന്ന് വൈകുന്നേരം വരെ അടച്ചിട്ടിരുന്നു.
കനത്ത മഴയെ തുടര്‍ന്ന് പല ഹൈവേകളും മറ്റ് പ്രധാന റോഡുകളും ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിട്ടിരിക്കുകയാണ്. വെള്ളം നീക്കി അറ്റകുറ്റപ്പണികള്‍ നടത്തിയാലേ ഇതുവഴി ഇനി ഗതാഗതം പുനഃസ്ഥാപിക്കാനൂ. വ്യാഴാഴ്ച രാവിലെ വരെയുള്ള കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷം ശരാശരി 100 മില്ലീമീറ്റര്‍ മഴയാണ് കുവൈറ്റില്‍ ലഭിക്കാറുള്ളത്. വ്യാഴാഴ്ചയും അടുത്ത ദിവസങ്ങളിലും മഴ തുടരാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് കുവൈറ്റിലേക്ക് വന്ന വിമാനങ്ങള്‍ മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് വഴി തിരിച്ചുവിട്ടു.
മഴയിലും വെള്ളപ്പൊക്കത്തിലും വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 148 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജനങ്ങള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കുന്നതിനായി അഞ്ച് പ്രവിശ്യകളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ സബാഹ് അറിയിച്ചു. കുവൈറ്റിലെ മൂന്ന് തുറമുഖങ്ങളുടെ പ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ബുധനും വ്യാഴവും രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും വെള്ളം നീക്കി റോഡുകള്‍ ഗതാഗത യോഗ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam