പ്രസവിച്ചയുടന്‍ കുഞ്ഞിന്റെ വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊന്നു; യുഎഇയില്‍ വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം

By Web TeamFirst Published Nov 15, 2018, 9:14 PM IST
Highlights

ടോയ്‍ലറ്റിലേക്ക് പോയ ഇവര്‍ രണ്ട് മണിക്കൂറോളം പുറത്തുവന്നില്ല. വാതിലില്‍ പല തവണ മുട്ടിയെങ്കിലും തുറന്നില്ല. പിന്നീട് പുറത്തുവന്നപ്പോള്‍ ഒരു പ്ലാസ്റ്റിക് ബാഗും ഇവരുടെ കയ്യിലുണ്ടായിരുന്നു

ദുബായ്: പ്രസവിച്ചയുടന്‍ കുഞ്ഞിന്റെ വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ വീട്ടുജോലിക്കായായ യുവതിക്ക് ദുബായില്‍ ജീവപര്യന്തം തടവ്. 33 വയസുകാരിയായ ഫിലിപ്പൈന്‍ സ്വദേശിക്കാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്‍സ് കോടതി ശിക്ഷ വിധിച്ചത്. അവിഹിത ബന്ധത്തിലാണ് യുവതിക്ക് കുഞ്ഞ് ജനിച്ചത്.

അല്‍ ഖുസൈസിലെ സ്പോണ്‍സറുടെ സഹോദരിയുടെ വീട്ടില്‍ വെച്ച് കഴിഞ്ഞ വര്‍ഷം സെ‍പ്തംബര്‍ 16നായിരുന്നു സംഭവം.  രാത്രി ഒരു മണിയോടെ ജോലിക്കാരി തീരെ അവശയാണെന്ന് കണ്ട് അന്വേഷിച്ചപ്പോള്‍ ആര്‍ത്തവ സമയത്തെ വേദനയാണെന്നായിരുന്നു മറുപടി പറഞ്ഞതെന്ന് വീട്ടുടമയായ സ്ത്രീ മൊഴി നല്‍കി. തുടര്‍ന്ന് ടോയ്‍ലറ്റിലേക്ക് പോയ ഇവര്‍ രണ്ട് മണിക്കൂറോളം പുറത്തുവന്നില്ല. വാതിലില്‍ പല തവണ മുട്ടിയെങ്കിലും തുറന്നില്ല. 

പിന്നീട് പുറത്തുവന്നപ്പോള്‍ ഒരു പ്ലാസ്റ്റിക് ബാഗും ഇവരുടെ കയ്യിലുണ്ടായിരുന്നു. ഇത് അടുക്കളയിലെ വാതിലിന് സമീപം കൊണ്ടുവെച്ചു. ശേഷം കസേരയില്‍ ഇരുന്നെങ്കിലും അതീവ ക്ഷീണിതയായിരുന്നു.  ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചെങ്കിലും ഇവര്‍ സമ്മതിച്ചില്ല. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ യുവതിയുടെ ശരീരത്തില്‍ നിന്ന് രക്തസ്രാവം തുടങ്ങി. ഇതോടെ വീട്ടുടമ ആംബുലന്‍സ് വിളിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ ഇവരെ ആശുപത്രിയിലെത്തിച്ചു.

യുവതി അല്‍പ്പസമയത്തിന് മുന്‍പ് പ്രസവിച്ചിട്ടുണ്ടെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വീട്ടുകാരെ അറിയിച്ചത്. ഇക്കാര്യം ആശുപത്രി അധികൃതര്‍ പൊലിസിനെ അറിയച്ചതനുസരിച്ച് പൊലീസ് സംഘം വീട്ടിലേക്ക് കുതിച്ചെത്തി തെരച്ചില്‍ നടത്തി. മുറികളില്‍ രക്തം കണ്ടതിനെ തുടര്‍ന്നാണ് സ്ത്രീയുടെ ബാഗ് പൊലീസ് ഉദ്ദ്യോഗസ്ഥര്‍ പരിശോധിച്ചത്. വസ്ത്രങ്ങള്‍ കൊണ്ട് മറച്ചുവെച്ച നിലയില്‍ ബാഗിനുള്ളില്‍ നിന്ന് ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.

പ്രസവ സമയത്ത് കുഞ്ഞിന് പൂര്‍ണ്ണ ആരോഗ്യമുണ്ടായിരുന്നെന്നും ശ്വാസം മുട്ടിച്ചതുകൊണ്ട് ഹൃദയം സ്തംഭിച്ചാണ് മരണം സംഭവിച്ചതെന്നും ഫോറന്‍സിക് വിദഗ്ദര്‍ കണ്ടെത്തി. വിചാരണയ്ക്കൊടുവില്‍ കഴിഞ്ഞ ദിവസം ജീവപര്യന്തം തടവ് കോടതി വിധിച്ചു. യുവതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് വിദഗ്ദ ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിച്ച ശേഷമായിരുന്നു ശിക്ഷാവിധി. 25 വര്‍ഷത്തെ തടവ് അനുഭവിച്ച ശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.

click me!