
കുവൈത്ത് സിറ്റി: യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന 34 രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ മടങ്ങിവരാന്‍ അനുവദിക്കുന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്ന് കുവൈത്ത്. ദേശീയ വിമാനക്കമ്പനികളായ കുവൈത്ത് എയര്‍വേയ്‍സും ജസീറ എയര്‍വേയ്‍സും സമര്‍പ്പിച്ച ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും മറ്റ് നടപടികളും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചത്.
വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങളോട് പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്‍തിട്ടുണ്ടെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് വിമാനക്കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ നിര്‍ദേശങ്ങളുടെ എല്ലാ വശവും പരിശോധിക്കുമെന്നും അതിന് ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും അറിയിച്ചിട്ടുണ്ട്. സാധുതയുള്ള താമസ വിസയുള്ളവര്‍ക്കായിരിക്കും നേരിട്ടുള്ള വിമാനങ്ങളില്‍ രാജ്യത്തേക്ക് മടങ്ങാന്‍ അവസരം നല്‍കുകയെന്നാണ് സൂചന.
നിലവില്‍ ജോലിയും വരുമാനവും ക്വാറന്റീന്‍ സംവിധാനങ്ങളുമുള്ള പ്രവാസികള്‍ക്കായിരിക്കും തിരികെയെത്താനുള്ള അവസരം. ഹോം ക്വാറന്റീനായിരിക്കും പ്രഥമ പരിഗണനയെങ്കിലും അതിനുള്ള സംവിധാനങ്ങളില്ലാത്തവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തും. എല്ലാത്തിനുമുള്ള ചെലവ് സ്വന്തമായി വഹിക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. കൊവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കൊവിഡ് രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും രണ്ട് തരത്തിലുള്ള മാനദണ്ഡങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം അംഗീകരിക്കുന്നതിനുസരിച്ച് ഇവ നടപ്പാക്കാനുമെന്നാണ് വിമാനക്കമ്പനികളുടെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam