രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്ത് വിമാനത്താവളം തുറന്നു; വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും

Published : Apr 24, 2026, 12:44 PM IST
Kuwait Airport

Synopsis

പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതൽ അടച്ചിട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുറന്നു. ഘട്ടംഘട്ടമായി സർവീസുകൾ പുനരാരംഭിക്കുമെന്നും ഇത് ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകുമെന്നും അധികൃതർ അറിയിച്ചു.

കുവൈത്ത് സിറ്റി: പശ്ചിമേഷ്യ സംഘർഷങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതൽ അടച്ചിട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വിമാനത്താവളം വീണ്ടും തുറന്നത്. ഏകദേശം രണ്ട് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നത്. വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി സർവീസുകൾ പഴയപടിയാകുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആദ്യഘട്ടത്തിൽ ടെർമിനൽ 4, ടെർമിനൽ 5 എന്നിവ വഴി നിശ്ചിത കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളാണ് ഞായറാഴ്ച മുതൽ ആരംഭിക്കുക.

ഇറാൻ നടത്തിയ ആക്രമണങ്ങളിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും വിമാനത്താവളത്തിനുണ്ടായ കേടുപാടുകൾ പരിഹരിച്ചു. സാങ്കേതിക വിഭാഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിമാനത്താവളം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ കരുതലോടെ മാത്രമേ മുഴുവൻ സർവീസുകളും തുടങ്ങുകയുള്ളൂ. ഓരോ ഘട്ടവും വിലയിരുത്തിയ ശേഷം മാത്രമേ കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകൂ എന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഹമൂദ് മുബാറക് അൽ സബാഹ് അറിയിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ കുവൈത്ത് വിമാനങ്ങൾക്ക് സൗകര്യമൊരുക്കിയ സൗദി അറേബ്യയ്ക്കും മറ്റ് ജിസിസി രാജ്യങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. രണ്ട് മാസമായി കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ മുടങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. വരും ദിവസങ്ങളിൽ കൂടുതൽ എയർലൈനുകൾ തങ്ങളുടെ ഷെഡ്യൂളുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിലിപ്പീൻസ് സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന ലോകത്തെ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയക്ക് റിയാദിൽ തുടക്കം
സൗദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം, വിസ പുതുക്കി നൽകുന്നതായി റിപ്പോർട്ടുകൾ