
റിയാദ്: ലോകത്തെ ഏറ്റവും സങ്കീർണമായ സയാമീസ് ഇരട്ട വേർപെടുത്തൽ ശസ്ത്രക്രിയകളിലൊന്നിന് സൗദി അറേബ്യയിലെ റിയാദിൽ തുടക്കമായി. ഫിലിപ്പീൻസ് സ്വദേശികളായ ക്ലിയ, മോറിസ് ആനി എന്നീ പെൺകുട്ടികളെ വേർപ്പെടുത്തുന്നതിനുള്ള ദൗത്യം റിയാദിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ ഇന്ന് രാവിലെയാണ് ആരംഭിച്ചത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ ശസ്ത്രക്രിയ നടക്കുന്നത്. കെ.എസ്. റിലീഫ് ജനറൽ സൂപ്പർവൈസറും പ്രശസ്ത സർജനുമായ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത്.
2025 മെയ് 17-ന് സൗദിയിലെത്തിച്ച കുട്ടികളെ മാസങ്ങളോളം നീണ്ട നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് ശസ്ത്രക്രിയക്ക് വിധേയരാക്കുന്നത്. തലകൾ തമ്മിൽ ഒട്ടിപ്പിടിച്ച നിലയിലുള്ള ഈ കുട്ടികളുടെ കേസ് മെഡിക്കൽ ലോകം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തലച്ചോറിലെ പ്രധാന സിരകൾ പങ്കിടുന്നതും മസ്തിഷ്ക കോശങ്ങൾ പരസ്പരം ഇഴുകിച്ചേർന്നതുമായ അവസ്ഥ ശസ്ത്രക്രിയയെ ഏറെ സങ്കീർണമാക്കുന്നു. കൂടാതെ ക്ലിയ എന്ന കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും വൃക്ക തകരാറുമുള്ളത് വെല്ലുവിളി വർദ്ധിപ്പിക്കുന്നുണ്ട്.
ശിശുരോഗ ന്യൂറോ സർജറി വിദഗ്ധൻ ഡോ. മുഅ്തസിം അൽ സുഅബിയുടെ നേതൃത്വത്തിൽ 30 ഓളം കൺസൾട്ടൻറുമാരും നഴ്സിങ് സ്റ്റാഫും അടങ്ങുന്ന സംഘമാണ് ദൗത്യത്തിൽ പങ്കാളികളാകുന്നത്. അഞ്ച് ഘട്ടങ്ങളിലായി പൂർത്തിയാകുന്ന ഈ ശസ്ത്രക്രിയ ഏകദേശം 24 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ശസ്ത്രക്രിയയിൽ 50 ശതമാനം അപകടസാധ്യതയും, അതിജീവിച്ചാൽ തന്നെ 60 ശതമാനത്തോളം ശാരീരിക വൈകല്യങ്ങൾക്കും സാധ്യതയുണ്ടെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam