
കുവൈത്ത് സിറ്റി: സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ സാധിക്കാത്തതിന് കുവൈത്ത് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ കുറ്റവിചാരണ നടത്തണമെന്ന് പാര്‍ലമെന്റ് അംഗം ഉമര്‍ അല്‍ തബ്‍തബി ആവശ്യപ്പെട്ടു. പെട്രോളിയം മേഖലയില്‍ നൂറുകണക്കിന് സ്വദേശി എഞ്ചിനീയര്‍മാര്‍ തൊഴില്‍ രഹിതരാണെന്ന് ആരോപിച്ച അദ്ദേഹം പ്രവാസികളെ മാറ്റി സ്വദേശികളെ നിയമിക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടു.
പ്രവാസികളുടെ പ്രാഗത്ഭ്യം ആവശ്യമാണെങ്കിലും അത് കുവൈത്തികളുടെ ചിലവിലാകരുത്. പൊതു-സ്വകാര്യ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കണം. സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ആവശ്യമില്ലാത്ത ചില കോഴ്സുകളാണ് സര്‍ക്കാര്‍ കുവൈത്തി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. പിന്നീട് അവര്‍ തൊഴില്‍ രഹിതരായി മാറും. സ്വദേശികളുടെ തൊഴിലുകളാണ് പ്രവാസികള്‍ കൊണ്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ദിവസ വേതന അടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള പ്രവാസികളുടെ എണ്ണം താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിര ജീവനക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ കാര്യമാണ് ചോദിച്ചിരിക്കുന്നത്. പെട്രോളിയം എഞ്ചിനീയര്‍മാരായി സ്വദേശികള്‍ക്ക് ജോലി ലഭിക്കത്തക്ക വിധത്തില്‍ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam