അനധികൃത ഫീസ് ഈടാക്കരുത്: കുവൈത്തിലെ ആശുപത്രികൾക്ക് നിർദ്ദേശം

By Web TeamFirst Published Aug 6, 2019, 12:15 AM IST
Highlights

ഫീസ് ഈടാക്കുന്ന ആശുപത്രികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റൻറ് സെക്രട്ടറി ഡോ: ഫാത്തിമ അൽ നജ്ജാർ പറഞ്ഞു

കുവൈത്ത്: കുവൈത്തിലെ ആശുപത്രികളില്‍ അനധികൃത ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം. സ്വകാര്യ ആശുപത്രികളില്‍ ഫയൽ ഓപ്പണിങ് എന്ന പേരിൽ ഈടാക്കുന്ന ഫീസിനെതിരെയാണ് ആരോഗ്യ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്. 

കുവൈത്തിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന രോഗികളിൽ നിന്ന് അനാവശ്യമായി ഫീസ് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് നടപടി. രോഗികളിൽ നിന്ന് ഫയൽ ഓപ്പണിങ് ഫീസ് എന്ന പേരിൽ ഒരു കുവൈറ്റ് ദിനാർ മുതൽ 5 ദിനാർ വരെയാണ് ഈടാക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. 

ഫീസ് ഈടാക്കുന്ന ആശുപത്രികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റൻറ് സെക്രട്ടറി ഡോ: ഫാത്തിമ അൽ നജ്ജാർ പറഞ്ഞു. വിദേശി പൗരന്മാർക്ക് ഏറെ ഗുണകരമായ നടപടിയായാണ് ഇത് കണക്കാക്കുന്നത്. നേരത്തെ സർക്കാർ ക്ലിനിക്കുകളിൽ അവശ്യ മരുന്ന് ഉൾപ്പെടെ ഒപി ഫീസ് ഒരു ദിനാറിൽ നിന്ന് 2 ദിനാറായി ഉയർത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് സ്വകാര്യ ആശുപത്രികൾ അവരുടെ ഇഷ്ടാനുസരണം ഫീസ് ഉയർത്തിയത്.

click me!