കുവൈത്തില്‍ വാര്‍ഷിക അവധിയും ശമ്പളവും വര്‍ധിക്കും; സ്വകാര്യ തൊഴില്‍ മേഖലയില്‍ നിയമ ഭേദഗതി

By Web TeamFirst Published Mar 10, 2019, 12:32 AM IST
Highlights

പാർലിമെന്റിൽ ആരോഗ്യ സാമൂഹ്യകാര്യ സമിതി അംഗീകാരം നൽകിയ ഭേദഗതി ബില് വ്യാഴാഴ്‌ചയാണ്‌ പാർലിമെന്റിൽ ചർച്ചക്കെടുത്തത്. നിലവിൽ 30 ദിവസമാണ് സ്വകാര്യമേഖലയിലെ വാർഷികാവധി. വെള്ളിയാഴ്ചകൾ കൂടാതെ 35 ദിവസം അവധി നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് നിർദിഷ്ട ഭേദഗതി

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യതൊഴിൽ മേഖലയുമായി ബന്ധപ്പെട്ട നിയമഭേദഗതിക്ക് പാർലിമെന്‍റിന്‍റെ പ്രാഥമികാംഗീകാരം. ഇതോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വാർഷിക അവധി 40 ദിവസമാകും. പതിനഞ്ച് ശതമാനം ശമ്പള വർദ്ധനവും ലഭിക്കും.

കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ ആദ്യമായാണ് വിദേശികൾക്ക് പ്രയോജനം ലഭിക്കുന്ന ഒരു നിയമ ഭേദഗതി കുവൈത്ത് ദേശീയ അസംബ്ലിയിൽ ഏക്വസ്വരത്തിൽ അംഗീകരിക്കപ്പെടുന്നത്. സ്വകാര്യതൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വാര്ഷികാവധി 35 ദിവസമാക്കി ഉയർത്തുക. പ്രതിമാസ വേതനത്തിൽ 15 ശതമാനം വർദ്ധന ഏർപ്പെടുത്തുക എന്നിവയാണ് പ്രധാനഭേദഗതി നിർദേശങ്ങൾ.

പാർലിമെന്റിൽ ആരോഗ്യ സാമൂഹ്യകാര്യ സമിതി അംഗീകാരം നൽകിയ ഭേദഗതി ബില് വ്യാഴാഴ്‌ചയാണ്‌ പാർലിമെന്റിൽ ചർച്ചക്കെടുത്തത്. നിലവിൽ 30 ദിവസമാണ് സ്വകാര്യമേഖലയിലെ വാർഷികാവധി. വെള്ളിയാഴ്ചകൾ കൂടാതെ 35 ദിവസം അവധി നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് നിർദിഷ്ട ഭേദഗതി.

നിയമം നടപ്പായാൽ ഫലത്തിൽ നാല് വെള്ളിയാഴ്ചകൾ ഉൾപ്പെടെ വാർഷിക അവധികൾ 40 ആയി ഉയരും. ഇതോടൊപ്പം നിലവിലെ ശമ്പളത്തിൽ 15 ശതമാനം വർധനയും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ മാസം 19, 20 തിയതികളിലായി ബില്ലിന്മേൽ കൂടുതൽ ചർച്ചകളുണ്ടാകുമെന്നാണ് പാർലിമെന്‍റ് വൃത്തങ്ങൾ നൽകുന്ന സൂചന.

click me!