പ്രളയക്കെടുതി; കുവൈറ്റ് പൊതുമരാമത്ത് മന്ത്രിയുടെ രാജി സ്വീകരിച്ചു

By Web TeamFirst Published Dec 1, 2018, 11:46 AM IST
Highlights

ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെയ്ക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നവംബര്‍ ഒന്‍പതിനാണ് മന്ത്രി രാജി സമര്‍പ്പിച്ചത്. 

കുവൈറ്റ് സിറ്റി: കുവൈറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസ്സാം അല്‍ റൂമിയുടെ രാജി പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് സ്വീകരിച്ചു. അടുത്തിടെ രാജ്യത്തുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി രാജി സമര്‍പ്പിച്ചത്.

ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെയ്ക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നവംബര്‍ ഒന്‍പതിനാണ് മന്ത്രി രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് രാജി സ്വീകരിക്കാന്‍ പ്രധാനമന്ത്രി തീരുമാനമെടുത്തത്. ഹൗസിങ് ആന്റ് സര്‍വ്വീസസ് ചുമതല വഹിക്കുന്ന മന്ത്രി ജിനാന്‍ ബുശൈരിയും രാജി വെയ്ക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എണ്ണ ശുദ്ധീകരണ ശാലകളുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളുടെയും അനധികൃത നിയമനങ്ങളുടെയും പേരില്‍ കുറ്റവിചാരണ നേരിടുന്ന മന്ത്രി ബകീത് അൽ റഷീദിയും രാജി സമർപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സ്വീകരിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുത്തിട്ടില്ല.

click me!