
കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് വര്‍ക്സ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളെയും ഉടന്‍ പിരിച്ചുവിടാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ പബ്ലിക് വര്‍ക്സ് മന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ ഡോ. റാണ അല്‍ ഫാരിസ് ഉടന്‍ ഒപ്പുവെയ്ക്കുമെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന 400 പ്രവാസികളാണ് പട്ടികയിലുള്ളത്. നേരത്തെ 150 പ്രവാസികളെ ഇത്തരത്തില്‍ പുറത്താക്കിയിരുന്നു.
അഡ്‍മിനിസ്ട്രേറ്റീവ്, ലീഗല്‍ തസ്‍തികകളില്‍ ജോലി ചെയ്തവരാണ് പട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാങ്കേതിക വിഭാഗങ്ങളിലുള്ള ഏതാനും പേരുമുണ്ട്. വിദേശികളെ പൂര്‍ണമായി ഒഴിവാക്കി സ്വദേശികളെ നിയമിക്കാനാണ് മന്ത്രിയുടെ തീരുമാനം. 550 പ്രവാസികളെ പല ഘട്ടങ്ങളിലായി പിരിച്ചുവിടാനായിരുന്നു നേരത്തെ എടുത്തിരുന്ന തീരുമാനം. ഈ വര്‍ഷം അവസാനത്തോടെ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന തരത്തിലായിരുന്നു പദ്ധതി. എന്നാല്‍ ഇതിന് പകരം മുഴുവന്‍ പ്രവാസികളെയും ഉടനടി ഒഴിവാക്കാനാണ് പുതിയ തീരുമാനം. തുടര്‍ന്നും പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തിലെയും പബ്ലിക് റോഡ്സ് അതോരിറ്റിയിലെയും ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിലധികം പ്രവാസികള്‍ പാടില്ലെന്നാണ് തീരുമാനം. ഇത് നടപ്പിലാക്കുന്നതിനാവശ്യമായ പരിശീലനം എല്ലാവര്‍ക്കും നല്‍കാനും നിര്‍ദേശം നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam