മാതാപിതാക്കളുടെ സന്ദര്‍ശക വിസ; പ്രായ പരിധി എടുത്ത് കളഞ്ഞ് കുവൈത്ത്

By Web TeamFirst Published Oct 19, 2018, 11:47 PM IST
Highlights

 കുവൈത്തിൽ മാതാപിതാക്കളുടെ സന്ദർശ്ശക വിസ ലഭിക്കുന്നതിനുള്ള പ്രായ പരിധി നിബന്ധന എടുത്ത്‌ മാറ്റി. ഇനി മുതല്‍ അറുപത് വയസിന് മുകളിലുള്ള രക്ഷിതാക്കളേയും കുവൈത്തിലേക്ക് കൊണ്ടുവരാം. ഇത്‌ സംബന്ധിച്ച്‌ താമസ രേഖാ വിഭാഗം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ ഹാജരി ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകി. 

കുവൈത്ത്: കുവൈത്തിൽ മാതാപിതാക്കളുടെ സന്ദർശ്ശക വിസ ലഭിക്കുന്നതിനുള്ള പ്രായ പരിധി നിബന്ധന എടുത്ത്‌ മാറ്റി. ഇനി മുതല്‍ അറുപത് വയസിന് മുകളിലുള്ള രക്ഷിതാക്കളേയും കുവൈത്തിലേക്ക് കൊണ്ടുവരാം. ഇത്‌ സംബന്ധിച്ച്‌ താമസ രേഖാ വിഭാഗം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ ഹാജരി ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകി. 

മാതാ പിതാക്കളുടെ സന്ദർശ്ശക വിസ ലഭിക്കുന്നതിന് നിലവിൽ 60 വയസ്സാണ് പ്രായ പരിധി. ഈ നിബന്ധനയാണ് ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചത്. ഒരു മാസം മാത്രമായിരിക്കും മാതാ പിതാക്കളുടെ സന്ദർശ്ശക വിസാ കാലാവധി. അതാത് ഗവർണ്ണറേറ്റുകളിലെ പാസ്പോർട്ട്‌ ഓഫീസുകളിൽ വെച്ച്‌ തന്നെ വിസ കരസ്ഥമാക്കാം.

എന്നാൽ സന്ദർശ്ശക വിസയുടെ കാലാവധി നീട്ടുന്നതിന് പാസ്പോർട്ട്‌ പൗരത്വ വിഭാഗം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറിയുടെ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്‌. സിറിയ, യമൻ, ഇറാഖ്‌, പാകിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ പുതിയ ഇളവ്‌ ബാധകമല്ല. ഇത്‌ സംബന്ധിച്ച്‌ രാജ്യത്തെ എല്ലാ ഗവർണ്ണറേറ്റുകളിലുമുള്ള പാസ്സ്പോർട്ട്‌ ഓഫീസ്‌ മേധാവികൾക്കും നിർദ്ദേശം നൽകിയതായി താമസ വിഭാഗം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല ഹാജരി വ്യക്തമാക്കി. 
 

click me!