അധിനിവേശത്തിന്റെ നഷ്ടപരിഹാരം; കുവൈത്ത് ഇറാഖില്‍ നിന്ന് 270 ദശലക്ഷം ഡോളര്‍കൂടി ഏറ്റുവാങ്ങി

By Web TeamFirst Published Jul 27, 2019, 5:58 PM IST
Highlights

1990ലെ അധിനിവേശത്തെത്തുടര്‍ന്ന് കുവൈത്തിനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പകരമായാണ് ഐക്യരാഷ്ട്രസഭാ നഷ്ടപരിഹാര കമീഷന്റെ നിര്‍ദേശപ്രകാരം ഇറാഖ് കുവൈത്തിന് പണം നല്‍കുന്നത്. 52.4 ശതകോടി ഡോളര്‍ ആണ് കമീഷന്‍ നിശ്ചയിച്ച മൊത്തം നഷ്ടപരിഹാരത്തുക.

കുവൈത്ത് സിറ്റി: അധിനിവേശകാലത്തെ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി 270 ദശലക്ഷം ഡോളര്‍ കൂടി ഇറാഖില്‍ നിന്ന് കുവൈത്ത് ഏറ്റുവാങ്ങി. ഐക്യരാഷ്ട്രസഭയുടെ യുദ്ധ നഷ്ടപരിഹാര കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. നഷ്ടപരിഹാരമായി 3.7 ശതകോടി ഡോളര്‍കൂടി ഇറാഖ് കുവൈത്തിന് നല്കാനുണ്ടെന്നും കമീഷന്‍ വ്യക്തമാക്കി.

1990ലെ അധിനിവേശത്തെത്തുടര്‍ന്ന് കുവൈത്തിനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പകരമായാണ് ഐക്യരാഷ്ട്രസഭാ നഷ്ടപരിഹാര കമീഷന്റെ നിര്‍ദേശപ്രകാരം ഇറാഖ് കുവൈത്തിന് പണം നല്‍കുന്നത്. 52.4 ശതകോടി ഡോളര്‍ ആണ് കമീഷന്‍ നിശ്ചയിച്ച മൊത്തം നഷ്ടപരിഹാരത്തുക. ഇതില്‍ 48.7 ശതകോടി ഡോളറാണ് കുവൈത്ത് ഇതുവരെ കൈപ്പറ്റിയത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം ഇറാഖ് സേനയെ രാജ്യത്തുനിന്ന് പുറത്താക്കിയ 1991ലാണ് ഐക്യരാഷ്ട്രസഭ നഷ്ടപരിഹാര കമീഷന്‍ രൂപവത്കരിച്ചത്. ഇറാഖ്, കുവൈത്തിനുമേല്‍ നടത്തിയ അധിനിവേശം മൂലം നഷ്ടങ്ങള്‍ നേരിട്ട വ്യക്തികള്‍, കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റു സംഘടനകള്‍ എന്നിവക്കാണ് കമീഷന്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. രണ്ടു ദശകത്തോളമായി രാജ്യത്തെ എണ്ണവരുമാനത്തിന്റെ അഞ്ചു ശതമാനം നീക്കി വെച്ചാണ് ഇറാഖ് നഷ്ടപരിഹാരതുക നല്‍കിവരുന്നത്. ക്രൂഡോയിയില്‍ വിലത്തകര്‍ച്ചയും ഐ.എസ് തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടവും രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ ബാധിച്ചതിനെ തുടര്‍ന്ന് 2014 മുതല്‍ യുദ്ധ നഷ്ടപരിഹാരത്തുക നല്‍കുന്നത് ഇറാഖ് നിര്‍ത്തിയിരുന്നു. പിന്നീട് 2018 ഏപ്രിലിലാണ് വീണ്ടും നല്‍കിത്തുടങ്ങിയത്.

click me!