
കുവൈത്ത് സിറ്റി: ഈ വർഷത്തെ റമദാൻ മാസപ്പിറവി സംബന്ധിച്ച പ്രാഥമിക ജ്യോതിശാസ്ത്ര നിഗമനങ്ങൾ കുവൈത്തിലെ പ്രശസ്തമായ അൽ-ഉജൈരി സയന്റിഫിക് സെന്റർ പുറത്തുവിട്ടു. ശാസ്ത്രീയമായ കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 17-ന് സൂര്യാസ്തമയത്തിന് മുൻപ് തന്നെ ചന്ദ്രന്റെ സംഗമം നടക്കുമെന്നും കുവൈത്തിൽ അന്ന് സൂര്യാസ്തമയത്തിന് ശേഷമായിരിക്കും ചന്ദ്രൻ അസ്തമിക്കുകയെന്നും സെന്റർ അറിയിച്ചു. അൽ-ഉജൈരി സെന്റർ പുറത്തുവിട്ട മാപ്പുകൾ പ്രകാരം ഫെബ്രുവരി 17-ന് വൈകുന്നേരം 5:38-ന് സൂര്യാസ്തമയം സംഭവിക്കുമ്പോൾ ചന്ദ്രബിംബത്തിന്റെ താഴത്തെ ഭാഗം അസ്തമിക്കും.
തൊട്ടടുത്ത മിനിറ്റിൽ, അതായത് 5:39-ഓടെ പൂർണ്ണമായും ചന്ദ്രൻ അസ്തമിക്കുമെന്നാണ് കണക്കുകൂട്ടൽ. മക്കയിൽ സൂര്യാസ്തമയത്തിന് ഏകദേശം മൂന്ന് മിനിറ്റുകൾക്ക് ശേഷമായിരിക്കും ചന്ദ്രൻ അസ്തമിക്കുകയെന്നും എന്നാൽ മറ്റ് അറബ്, ഇസ്ലാമിക രാജ്യങ്ങളിൽ ചന്ദ്രദർശനം പരിമിതമായിരിക്കുമെന്നും നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. സൂര്യാസ്തമയത്തിന് മുൻപ് മാസപ്പിറവി സംഭവിക്കുകയും സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രൻ അസ്തമിക്കുകയും ചെയ്യുന്നത് പുതിയ ഹിജ്‌റി മാസം ആരംഭിക്കുന്നതിനുള്ള ജ്യോതിശാസ്ത്രപരമായ മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നുവെന്ന് സെന്റർ വിശദീകരിച്ചു. എങ്കിലും, റമദാൻ വ്രതാരംഭം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് ശരിഅത്ത് കമ്മിറ്റിയും മറ്റ് ബന്ധപ്പെട്ട അധികൃതരുമായിരിക്കുമെന്നും സയന്റിഫിക് സെന്റർ പ്രത്യേകം ഓർമ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam