സര്‍ക്കാര്‍ മേഖലയിലെ 50 ശതമാനം പ്രവാസി കരാര്‍ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത്

By Web TeamFirst Published Aug 5, 2020, 3:49 PM IST
Highlights

സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവരെ ഘട്ടംഘട്ടമായാണ് പിരിച്ചുവിടുന്നത്. മുമ്പ് വിവിധ മന്ത്രാലയങ്ങളുടെ കീഴില്‍ നേരിട്ട് ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശികളെയും പിരിച്ചുവിട്ടിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ സര്‍ക്കാര്‍ മേഖലകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 50 ശതമാനം പേരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിരവധി തൊഴിലാളികള്‍ക്ക് ഇതിനോടകം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതായി പ്രാദേശിക പത്രമായ 'അല്‍ റായ്'റിപ്പോര്‍ട്ട് ചെയ്തു. 

സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവരെ ഘട്ടംഘട്ടമായാണ് പിരിച്ചുവിടുന്നത്. മുമ്പ് വിവിധ മന്ത്രാലയങ്ങളുടെ കീഴില്‍ നേരിട്ട് ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശികളെയും പിരിച്ചുവിട്ടിരുന്നു. ഇവര്‍ ഉപകരാര്‍ കമ്പനികളിലേക്ക് മാറിയിരുന്നു. സര്‍ക്കാര്‍ ജോലികളുടെ ഉപകരാറുകള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പ്രവാസി ജീവനക്കാരെ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി വിദേശികളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മാനവവിഭവശേഷി വികസന സമിതി അധ്യക്ഷന്‍ ഖലീല്‍ അല്‍ സാലിഹ് എംപി പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ 100 ശതമാനം സ്വദേശിവല്‍ക്കരണം സാധ്യമാക്കാന്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ശക്തമായ നടപടികളെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
 

click me!