കുവൈത്തില്‍ പ്രവാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്ന ബില്ലിന് അംഗീകാരം; എട്ട് ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും

By Web TeamFirst Published Jul 6, 2020, 1:42 PM IST
Highlights

കുവൈത്തിലെ നിലവിലെ ജനസംഖ്യ 43 ലക്ഷമാണ്. ഇതിൽ 13 ലക്ഷം സ്വദേശികളും 30 ലക്ഷം വിദേശികളുമാണുള്ളത്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. 14.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെ കഴിയുന്നത്. 

കുവൈത്ത് സിറ്റി: പ്രവാസി ക്വട്ടാ ബില്ലിന് കുവൈത്ത് പാര്‍ലമെന്ററി ഉന്നത സമിതി അംഗീകാരം നല്‍കി.  ഇതുപ്രകാരം കുവൈത്തിൽനിന്ന് എട്ട്  ലക്ഷത്തോളം ഇന്ത്യക്കാർ ഒഴിവാക്കപ്പെടുമെന്നാണ് വിലയിരുത്തൽ. 

സ്വദേശി - വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥക്ക് പരിഹാരമായി വിദേശ രാജ്യക്കാര്‍ക്ക്  ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് കുവൈത്ത് പാര്‍ലമെന്ററി ഉന്നത സമിതി അംഗീകാരം നല്‍കി. ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യൻ ജനസംഖ്യ 15 ശതമാനത്തിൽ കൂടാൻ അനുവദിക്കില്ല. ഫലത്തിൽ കുവൈത്തിൽനിന്ന് എട്ട് ലക്ഷത്തോളം ഇന്ത്യക്കാർ ഒഴിവാക്കപ്പെടുമെന്നാണ് കരുതുന്നത്. 

കുവൈത്തിലെ നിലവിലെ ജനസംഖ്യ 43 ലക്ഷമാണ്. ഇതിൽ 13 ലക്ഷം സ്വദേശികളും 30 ലക്ഷം വിദേശികളുമാണുള്ളത്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. 14.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെ കഴിയുന്നത്. കൂടാതെ സര്‍ക്കാര്‍ ജോലിയിലും സര്‍ക്കാര്‍ കരാര്‍ ജോലിയിലും സ്വദേശികളെ മാത്രം നിയമിക്കുക. കരാര്‍ ജോലിക്കാരെ കാലാവധി കഴിയുന്നതോടെ മടക്കി അയക്കുക, അവിദഗ്ദ തൊഴിലാളികളെ ഒഴിവാക്കി  ബിരുദധാരികളെ മാത്രം പരിഗണിക്കുക, തുടങ്ങിയ കടുത്ത നിര്‍ദേശങ്ങളും പാര്‍ലമെന്റ് സമിതിയുടെ പരിഗണനയിലാണ്. 

ഈജിപ്ത്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യക്കാര്‍ക്ക് കുവൈത്ത് ജനസംഖ്യയുടെ 10 ശതമാനത്തിന് മാത്രമേ തുടരാന്‍ അനുവാദമുള്ളൂ. നേപ്പാള്‍, പാകിസ്ഥാന്‍, വിയറ്റ്‌നാം, എന്നീ രാജ്യക്കാര്‍ക്ക് മൂന്നു ശതമാനവുമാണ്. ഭരണഘടനാ വ്യവസ്ഥകളനുസരിച്ചു  കരട് ബില്‍ പാലര്‍മെന്റില്‍ അവതരിപ്പിച്ചു പാസ്സാക്കി നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള ആലോചനയിലാണ് പാര്‍ലമെന്ററി ഉന്നത സമിതി. തീരുമാനം രാജ്യത്തു കഴിയുന്ന ആയിരക്കണക്കിനു മലയാളികൾ അടക്കമുള്ള പ്രവാസികളെ പ്രതികൂലമായി ബാധിക്കും. 

click me!