വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രതിദിന ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് വരുത്തുമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.
ദുബായ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. റമദാൻ വ്രതകാലത്ത് സ്വകാര്യ മേഖലയിലുള്ളവർക്ക് പ്രതിദിന ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.
റമദാൻ മാസത്തിൽ എല്ലാ സ്വകാര്യ മേഖല ജീവനക്കാർക്കും പ്രതിദിനം രണ്ട് മണിക്കൂർ ജോലി കുറച്ചു നൽകണം. സ്ഥാപനങ്ങളുടെ പ്രവർത്തന സ്വഭാവത്തിനനുസരിച്ച് ജീവനക്കാർക്ക് 'ഫ്ലെക്സിബിൾ വർക്ക്' രീതിയോ, 'റിമോട്ട് വർക്ക്' സൗകര്യമോ നൽകാൻ കമ്പനികൾക്ക് അനുവാദമുണ്ട്. നോമ്പുകാലത്ത് ജീവനക്കാർക്ക് ജോലിഭാരം കുറയ്ക്കാനും, ആത്മീയ കാര്യങ്ങൾക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സഹായിക്കുന്നതോടൊപ്പം തന്നെ തൊഴിൽ ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വിശുദ്ധ മാസത്തിൽ രാജ്യത്തെ തൊഴിൽ നിയമപ്രകാരം നടപ്പിലാക്കുന്ന ഈ മാറ്റം നോമ്പെടുക്കുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ ബാധകമാണ്.
കുറച്ച പ്രവൃത്തിസമയത്തിന് പുറമെ അധികമായി ജോലി ചെയ്യുന്ന സമയം 'ഓവർടൈം' ആയി കണക്കാക്കണമെന്നും ഇതിന് ജീവനക്കാർക്ക് നിയമപരമായ അധിക വേതനത്തിന് അർഹതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിസർക്കാർ മേഖലയിലെ സമയക്രമവും പ്രഖ്യാപിച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം.


