Latest Videos

കുവൈത്തില്‍ പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും

By Web TeamFirst Published Nov 27, 2020, 11:35 AM IST
Highlights

ആരോഗ്യ പ്രവര്‍ത്തകര്‍, വയോജനങ്ങള്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെയും മുന്‍ഗണന പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: കൊവിഡ് വാക്‌സിന്‍ കുവൈത്തിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ ലഭ്യമാകുന്നതിന് അനുസരിച്ച് ഇതിന് വേണ്ട നടപടിക്രമങ്ങള്‍ ആരോഗ്യ മന്ത്രാലയം പൂര്‍ത്തിയാക്കും. ലഭ്യമാകുന്ന ആദ്യ ഡോസുകളില്‍ സ്വദേശികള്‍ക്കാകും മുന്‍ഗണന.

ആരോഗ്യ പ്രവര്‍ത്തകര്‍, വയോജനങ്ങള്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെയും മുന്‍ഗണന പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കില്ല. വാക്‌സിന്‍ സ്വീകരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരടക്കം ആരെയും നിര്‍ബന്ധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ക്ലിനിക്കല്‍ പരിശോധന വഴി ആഗോള, തദ്ദേശീയ തലത്തില്‍ അംഗീകാരം നേടിയ ശേഷമേ വാക്‌സിന്‍ ഇറക്കുമതി ചെയ്യൂ. ഡിസംബര്‍ അവസാനം മുതല്‍ വാക്‌സിന്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യും. 10 ലക്ഷം ഡോസ് ഫൈസര്‍ വാക്‌സിന്‍, 1.7 ദശലക്ഷം മോഡേണ വാക്‌സിന്‍, 30 ലക്ഷം ഡോസ് ഓക്‌സ്‌ഫോഡ്-ആസ്ട്രസെനിക്ക വാക്‌സിന്‍ എന്നിവയാണ് ഇറക്കുമതി ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. 
 

click me!