നവജാത ശിശുവിന്റെ മരണം; വനിതാ ഡോക്ടര്‍ ഒന്നര ലക്ഷം റിയാല്‍ നല്‍കണമെന്ന് വിധി

By Web TeamFirst Published Jan 23, 2021, 8:42 AM IST
Highlights

ചികിത്സാ പിഴവ് കാരണം കുഞ്ഞിന്റെ ആരോഗ്യ നില വഷളായെന്നും പിന്നീട് അബോധാവസ്ഥയിലായെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ചെന്നും പരാതിയിലുണ്ട്. 

റിയാദ്: സൗദി അറേബ്യയില്‍ ചികിത്സാ പിഴവ് കാരണം നവജാത ശിശു മരണപ്പെട്ട സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വനിതാ ഡോക്ടര്‍ ഒന്നര ലക്ഷം റിയാല്‍ ബ്ലഡ് മണി നല്‍കണമെന്ന് വിധി. ആരിദയിലെ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ വെച്ച് രണ്ട് വര്‍ഷം മുമ്പാണ് കുഞ്ഞ് മരണപ്പെട്ടത്. ജിസാന്‍ ശരീഅത്ത് മെഡിക്കല്‍ കമ്മീഷനാണ് ഇപ്പോള്‍ വിധി പുറപ്പെടുവിച്ചത്.

ചികിത്സാ പിഴവ് കാരണം കുഞ്ഞിന്റെ ആരോഗ്യ നില വഷളായെന്നും പിന്നീട് അബോധാവസ്ഥയിലായെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ചെന്നും പരാതിയിലുണ്ട്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും മെഡിക്കല്‍ സെന്ററിലെ ആംബുലന്‍സ് തകരാറിലായിരുന്നു.

കുഞ്ഞിന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ വീഴ്ച വന്നുവെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. രക്ഷിതാക്കളുടെ പരാതി ലഭിച്ചതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഡോക്ടറുടെ മൊഴിയെടുക്കുകയും കുട്ടിയുടെ ചികിത്സാ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്‍തിരുന്നു. ഇതിന് ശേഷമാണ് വിശദമായ അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ശരീഅ മെഡിക്കല്‍ കമ്മീഷന്റെ ആദ്യ സിറ്റിങ്. ഇതിന് ശേഷമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

click me!