സൗദിയിലെ സ്വകാര്യ മേഖലയ്ക്ക് ആഴ്ചയില്‍ രണ്ട് ദിവസത്തെ അവധിക്ക് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍

By Web TeamFirst Published Jan 22, 2021, 11:49 PM IST
Highlights

രണ്ട് ദിവസത്തെ അവധി നടപ്പാക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ മന്ത്രാലയം ചില നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും സ്വകാര്യ മേഖലയില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകള്‍ കാരണം തീരുമാനമായിരുന്നില്ല. 

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ആഴ്‍ചയില്‍ രണ്ട് ദിവസത്തെ അവധി നടപ്പാക്കാന്‍ മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ തൊഴില്‍ നിയമത്തില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതികളില്‍ രണ്ട് ദിവസത്തെ അവധിയും ഉള്‍പ്പെടുത്തിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് ദിവസത്തെ അവധി നടപ്പാക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ മന്ത്രാലയം ചില നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും സ്വകാര്യ മേഖലയില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകള്‍ കാരണം തീരുമാനമായിരുന്നില്ല. ഇത്തരമൊരു നിര്‍ദേശം സ്വദേശികള്‍ക്ക് മാത്രമായി നടപ്പാക്കാന്‍ കഴിയില്ലെന്നും 70 ലക്ഷത്തോളം വിദേശികളും രണ്ട് ദിവസത്തെ അവധി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാവുമെന്നതുമാണ് പ്രധാന തടസമായി ഉന്നയിക്കപ്പെട്ടത്. രണ്ട് ദിവസത്തെ അവധി നിയമം മൂലം അനുവദിക്കപ്പെട്ടാല്‍ ആഴ്‍ചയില്‍ ആറോ ഏഴോ ദിവസങ്ങള്‍ ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് വലിയ തുക അധിക വേതനമായി നല്‍കേണ്ടിവരുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.

രണ്ട് ദിവസത്തെ അവധി അടക്കം തൊഴില്‍ നിയമത്തില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതിയുടെ കരട് രൂപം മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്മേല്‍ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും മറ്റ് വിദഗ്ധരുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

click me!