തൊഴിലാളികളുടെ ലീവ് സാലറി വാർഷികാവധിക്കു മുൻപ് നൽകണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published Sep 5, 2019, 12:05 AM IST
Highlights

തൊഴിൽ ഉപേക്ഷിക്കുകയാണെങ്കിലും സർവീസ് കാലത്തിനു അനുസൃതമായി അർഹമായ വാർഷികാവധി ദിവസങ്ങൾക്കുള്ള വേതനം ലഭിക്കുന്നതിന് തൊഴിലാളിക്ക് അവകാശമുണ്ട്

അബുദാബി: തൊഴിലാളികളുടെ ലീവ് സാലറി വാർഷികാവധിക്കു മുൻപ് നൽകണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. വർഷത്തിൽ 21 ദിവസത്തിൽ കുറയാത്ത വാർഷിക അവധിക്കു തൊഴിലാളിക്ക് അവകാശമുണ്ടെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

എന്നാൽ തുടർച്ചയായി അഞ്ചു വർഷം സേവനം പൂർത്തിയാക്കുന്ന തൊഴിലാളിക്ക് വർഷത്തിൽ 30 ദിവസത്തിൽ കുറയാത്ത വാർഷികാവധിക്കു അവകാശമുണ്ടെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു. വേതനത്തോട് കൂടിയ വാർഷികാവധിയാണ് തൊഴിലാളിക്ക് നൽകേണ്ടത്.

ലീവ് സാലറി വാർഷികാവധി പ്രയോജനപ്പെടുത്തുന്നതിനു മുൻപായി കൈമാറണം. തൊഴിൽ ഉപേക്ഷിക്കുകയാണെങ്കിലും സർവീസ് കാലത്തിനു അനുസൃതമായി അർഹമായ വാർഷികാവധി ദിവസങ്ങൾക്കുള്ള വേതനം ലഭിക്കുന്നതിന് തൊഴിലാളിക്ക് അവകാശമുണ്ട്.

ഭാര്യ, ഭർത്താവ്, മാതാപിതാക്കൾ, മക്കൾ എന്നിവരിൽ ആരെങ്കിലും മരിച്ചാൽ തൊഴിലാളിക്ക് പൂർണ വേതനത്തോടെ അഞ്ചു ദിവസത്തെ അവധിക്ക് അവകാശമുണ്ട്. വിവാഹത്തിനും സമാനമായ അവധി ലഭിക്കും,

മുൻപ് ഹജ്ജ് നിർവ്വഹിച്ചിട്ടില്ലാത്ത തൊഴിലാളിക്ക് സർവീസ് കാലത്തു ഒരിക്കൽ ഹജ്ജ് നിർവ്വഹിക്കുന്നതിന് ബലിപെരുന്നാൾ അവധി ഉൾപ്പെടെ പത്തു ദിവസത്തിൽ കുറയുകയോ പതിനഞ്ചു ദിവസത്തിൽ കൂടുകയോ ചെയ്യാത്ത വേതനത്തോടെയുള്ള അവധിക്കും അവകാശമുണ്ട്.

തൊഴിലുടമയുടെ സമ്മതത്തോടെ തൊഴിലാളിക്ക് വേതന രഹിത അവധി ഉപയോഗപ്പെടുത്താമെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

click me!