
റിയാദ്: സൗദി അറേബ്യയിൽ വിനോദ പരിപാടികൾ നടത്തുന്നതിനും അമ്യൂസ്‌മെൻറ് പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ജനറൽ അതോറിറ്റി ഫോർ എൻറർടൈൻമെൻറിൻറെ ലൈസൻസ് നിർബന്ധമാക്കി. രാജ്യത്തെ വിനോദ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനായി കൊണ്ടുവന്ന പുതിയ 'വിനോദ പ്രവർത്തന നിയമ'ത്തിന്റെ ഭാഗമായാണ് ഈ നടപടി.
ലൈസൻസോ, പെർമിറ്റോ, അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റോ ഇല്ലാതെ ഇനി രാജ്യത്ത് ഒരു തരത്തിലുള്ള വിനോദ പരിപാടികളും നടത്താൻ പാടില്ല. തത്സമയ ഷോകൾ, അമ്യൂസ്‌മെൻറ് പാർക്കുകൾ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്വകാര്യ ചടങ്ങുകളെയും പ്രത്യേക ഷോകളെയും ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കാണികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുകയോ നിയമങ്ങൾ ലംഘിക്കപ്പെടുകയോ ചെയ്താൽ ഏത് വിനോദ പരിപാടിയും താൽക്കാലികമായോ സ്ഥിരമായോ നിർത്തിവെക്കാൻ അതോറിറ്റിക്ക് അധികാരമുണ്ട്. വിനോദ പരിപാടികളുടെ ടിക്കറ്റ് നിരക്കിൻറെ പരമാവധി 10 ശതമാനം വരെ അതോറിറ്റിക്ക് ഫീസായി ഈടാക്കാം.
നിയമങ്ങൾ ലംഘിക്കുന്നവർക്ക് താഴെ പറയുന്ന ശിക്ഷകൾ ലഭിക്കാം
1. ഔദ്യോഗികമായ താക്കീത്.
2. 10 ലക്ഷം റിയാൽ വരെ കനത്ത പിഴ.
3. പരമാവധി 5 വർഷത്തേക്ക് വിനോദ പരിപാടികൾ നടത്തുന്നതിൽ നിന്ന് വിലക്ക്.
4. ലൈസൻസോ പെർമിറ്റോ റദ്ദാക്കൽ അല്ലെങ്കിൽ താൽക്കാലികമായി സസ്പെൻഡ് ചെയ്യൽ.
വിനോദ കേന്ദ്രങ്ങളിൽ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾ തടസ്സപ്പെടുത്താൻ പാടില്ല. ജീവനക്കാരും ഉടമകളും പരിശോധകരുമായി പൂർണ്ണമായി സഹകരിക്കണം. നിയമലംഘനം കണ്ടെത്തിയാൽ ഉടൻ ശിക്ഷിക്കാതെ, പിഴവുകൾ തിരുത്താൻ അതോറിറ്റി നോട്ടീസ് നൽകി നിശ്ചിത സമയം അനുവദിക്കും. അതിനുശേഷവും തിരുത്തിയില്ലെങ്കിൽ കേസ് പ്രത്യേക കമ്മിറ്റിക്ക് കൈമാറും.
പുതിയ നിയമം സൗദിയിലെ വിനോദ മേഖലയ്ക്ക് വ്യക്തമായ ഒരു നിയന്ത്രണ സംവിധാനം ഉറപ്പാക്കുമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു. ഇത് രാജ്യത്തെ വിനോദ പരിപാടികളുടെ നിലവാരം ഉയർത്താനും കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam