
മസ്കറ്റ്: ഒമാനിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ്പ് തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കിക്കൊണ്ട് അൽ ഹെയ്‌ലിൽ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. വേഗത്തിൽ വളരുന്ന മസ്കറ്റിലെ ജനവാസ മേഖലയായ അൽ ഹെയ്‌ലിലും സമീപ പ്രദേശങ്ങളിലുമുള്ള താമസക്കാർക്ക് മികച്ച ഷോപ്പിംഗ് അനുഭവം കൂടുതൽ അടുത്തു ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖ തുറന്നത്.
ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അണ്ടർസെക്രട്ടറി ഇബ്തിസാം ബിന്ത് അഹമ്മദ് അൽ ഫറൂജി പുതിയ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, പ്രമുഖ വിശിഷ്ട വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
ആഗോള ശൃംഖലയായ ലുലു ഗ്രൂപ്പിന്‍റെ പുതിയ ബ്രാഞ്ച് ഒമാന്റെ റീട്ടെയിൽ മേഖലയ്ക്ക് വലിയൊരു കൂട്ടിച്ചേർക്കലാണെന്ന് ഉദ്ഘാടനത്തിന് ശേഷം അണ്ടർസെക്രട്ടറി വ്യക്തമാക്കി. ഒമാനി വിപണിയുടെ ആകർഷകത്വത്തിലും ഇവിടെയുള്ള വളർച്ചാ സാധ്യതകളിലും നിക്ഷേപകർക്കുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്. 'ഒമാൻ വിഷൻ 2040' ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് ആക്കം കൂട്ടുന്നതും, വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുന്നതും, ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് മൂല്യം വർദ്ധിപ്പിക്കുന്നതുമായ ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങളെ പിന്തുണയ്ക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഒമാനിലുടനീളമുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ അടുത്തെത്താനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുമുള്ള തങ്ങളുടെ നിരന്തരമായ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണ് അൽ ഹെയ്‌ലിലെ പുതിയ പുതിയ സംരംഭമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. സുൽത്താനേറ്റിൽ സാന്നിധ്യം വിപുലീകരിക്കുന്നതിൽ തങ്ങൾ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കൂടുതൽ പുതിയ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ട്രാറ്റജിക് ലൊക്കേഷനായ അൽ ഹെയ്‌ലിൽ 76,973 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഗൃഹോപകരണങ്ങൾ, ദിനചര്യ സാധനങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ഫ്രഷ് മീറ്റ്, സീഫുഡ്, ബേക്കറി ഉൽപ്പന്നങ്ങൾ, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. ഇതിനുപുറമെ ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഹോം അപ്ലയൻസസ് എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്.
വിശാലമായ പാർക്കിംഗ് സൗകര്യവും അത്യാധുനിക സംവിധാനങ്ങളുമുള്ള പുതിയ സെന്റർ അൽ ഹെയ്‌ലിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വേഗത്തിലും സൗകര്യപ്രദമായും ഷോപ്പിംഗ് നടത്താൻ സഹായകരമാകും. ഒമാനിലുടനീളം ശൃംഖല വിപുലീകരിക്കുന്ന ലുലുവിന്റെ പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam