മലേഷ്യയില്‍ 15 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്

By Web TeamFirst Published Mar 12, 2021, 10:34 AM IST
Highlights

മലേഷ്യന്‍ പ്രധാനമന്ത്രിയുമായി എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തി. നിലവില്‍ രണ്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് മലേഷ്യയിലുള്ളത്. ഈ വര്‍ഷം നാല് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കും.

അബുദാബി: മലേഷ്യയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 15 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി മൊഹിയുദ്ദീന്‍ യാസീനുമായി  അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇത് അറിയിച്ചത്. ഗ്രൂപ്പിന്റെ മലേഷ്യയിലെ വിപുലീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

നിലവില്‍ രണ്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് മലേഷ്യയിലുള്ളത്. ഈ വര്‍ഷം നാല് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കും. ക്വലാലമ്പൂര്‍, സെലാംഗൂര്‍, ജോഹോര്‍, പുത്രജയ തുടങ്ങി വിവിധ നഗരങ്ങളിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. ലോജിസ്റ്റിക്‌സ് ഹബ്ബും ഇതിനോടൊപ്പം ചേര്‍ന്ന് ആരംഭിക്കുമെന്നും ലുലു ഗ്രുപ്പിന്റെ മലേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് മലേഷ്യന്‍ സര്‍ക്കാര്‍ നല്‍കുന്നതെന്നും യൂസഫലി കൂടിക്കാഴ്ചക്കിടെ പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലേഷ്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിനെയും ചെയര്‍മാന്‍ എം.എ.യൂസഫലിയെയും  മലേഷ്യന്‍ പ്രധാനമന്ത്രി യോഗത്തില്‍ വെച്ച്  അഭിനന്ദിക്കുകയും ചെയ്തു. ലുലു ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സൈഫി രൂപാവാല, ഓപ്പറേഷന്‍സ് ഓഫീസര്‍ സലീം വി.ഐ. എന്നിവരും സംബന്ധിച്ചു.

"

click me!