ഖജുരാഹോ കാർണിവലിൽ നടന്ന ദേശീയ നൃത്തമത്സരത്തിൽ ഭരതനാട്യത്തിലൂടെ ഒന്നാം സ്ഥാനം നേടി മലയാളി പെൺകുട്ടി ദേവനന്ദ. തൃശ്ശൂർ സ്വദേശിനിയും ദുബായ് നിവാസിയുമായ ദേവനന്ദ, 11-17 വയസ് വിഭാഗത്തിലാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളോട് മത്സരിച്ചത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തനത് കലാരൂപങ്ങൾ അണിനിരന്ന ഖജുരാഹോ കാർണിവലിൽ, ഭരതനാട്യത്തിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി മലയാളി പെൺകുട്ടി ദേവനന്ദ. മധ്യപ്രദേശിലെ വിശ്വപ്രസിദ്ധമായ വേദിയിൽ ഫെബ്രുവരി 20 മുതൽ 24 വരെ നടന്ന ദേശീയ നൃത്തമാമാങ്കത്തിലാണ് 11-17 വയസ് വിഭാഗത്തിൽ തൃശ്ശൂർ സ്വദേശിനിയും ദുബായ് നിവാസിയുമായ ദേവനന്ദ മികച്ച നേട്ടം കൈവരിച്ചത്.

​ദേശീയതലത്തിൽ ശ്രദ്ധേയമായ പ്രകടനം

ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന നൃത്തരൂപങ്ങളോട് മാറ്റുരച്ചാണ് ഭരതനാട്യത്തിന്റെ മനോഹാരിതയുമായി ദേവനന്ദ ഒന്നാമതെത്തിയത്. വിവിധ ഘട്ടങ്ങളിലായി നടന്ന ഓഡിഷനുകൾ പിന്നിട്ടാണ് ഈ മിന്നും വിജയം. നൃത്തപ്രകടനത്തിനൊപ്പം നൃത്തകലയെക്കുറിച്ചുള്ള അറിവ് അളക്കുന്ന ചോദ്യോത്തര വിഭാഗത്തിലും ദേവനന്ദ മികവ് തെളിയിച്ചു. കേരളത്തിൽ നിന്ന് ഈ വിഭാഗത്തിൽ പങ്കെടുത്ത ഏക പ്രതിഭയും ദേവനന്ദയായിരുന്നു.

ആറാം വയസ് മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ ദേവനന്ദ ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നീ കലാരൂപങ്ങളിൽ ഇതിനോടകം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. സാന്ത്വനം, യുവകലാ സാഹിതി, അബുദാബി യൂത്ത് ഫെസ്റ്റ്, എ.ഐ.ഡി.എ (AIDA) കൊച്ചി, അൽഐൻ ഐ.എസ്.സി തുടങ്ങി യു.എ.ഇയിലും കേരളത്തിലുമായി നടന്ന നിരവധി മത്സരങ്ങളിൽ മുൻപും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

പ്രഗത്ഭരായ കലാക്ഷേത്ര അമൽനാഥ് (ഭരതനാട്യം), ഗീതാ പത്മകുമാർ (കുച്ചിപ്പുഡി), കലാമണ്ഡലം ഐശ്വര്യ രമേഷ് (മോഹിനിയാട്ടം) എന്നിവരുടെ കീഴിലാണ് നൃത്തപഠനം തുടരുന്നത്. ഷാർജ ഔവർ ഓൺ ഗേൾസ് ഹൈസ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദ, പഠനത്തോടൊപ്പം തന്നെ നൃത്തത്തെയും ജീവിതത്തിന്റെ ഭാഗമാക്കാനാണ് ആഗ്രഹിക്കുന്നത്. ​തൃശ്ശൂർ സ്വദേശികളായ രാജേഷ് മുല്ലശേരിയുടെയും ഇന്ദുവിന്റെയും (നീലമന ആയുർ) മകളാണ്. സഹോദരൻ ഹരിനന്ദൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.