യുഎഇയുടെ '100 മില്യന്‍ മീല്‍സ്' പദ്ധതിയിലേക്ക് രണ്ടു കോടി രൂപ സംഭാവന നല്‍കി എം എ യൂസഫലി

By Web TeamFirst Published Apr 15, 2021, 8:23 PM IST
Highlights

റമദാനോടനുബന്ധിച്ച് കൊവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സഹായഹസ്തം നല്‍കാന്‍ ലക്ഷ്യമിടുന്ന '100 മില്യന്‍ മീല്‍സ്' പദ്ധതി വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണെന്ന് യൂസഫലി പറഞ്ഞു.

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച '100 മില്യന്‍ മീല്‍സ്' പദ്ധതിയിലേക്ക് 10 ലക്ഷം ദിര്‍ഹം(രണ്ടു കോടി ഇന്ത്യന്‍ രൂപ)സംഭാവന നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഇതിലൂടെ 10 ലക്ഷം പേര്‍ക്ക് ഭക്ഷണപ്പൊതികള്‍ എത്തിക്കാനാകും.

റമദാനോടനുബന്ധിച്ച് കൊവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സഹായഹസ്തം നല്‍കാന്‍ ലക്ഷ്യമിടുന്ന '100 മില്യന്‍ മീല്‍സ്' പദ്ധതി വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണെന്ന് യൂസഫലി പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയെ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം '10 മില്യന്‍ മീല്‍സ്' പദ്ധതി പ്രഖ്യാപിച്ചപ്പോഴും യൂസഫലി 10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കിയിരുന്നു. കൂടാതെ മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിലുള്ള മഗ്ദി യാക്കൂബ് ഗ്ലോബല്‍ ഹാര്‍ട്ട് സെന്റര്‍ നിര്‍മാണത്തിന് യൂസഫലി 30 ദശലക്ഷം ദിര്‍ഹവും നല്‍കിയിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളും പദ്ധതിയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. 

ഇത്തവണ റമദാനില്‍ 20 രാജ്യങ്ങളിലായി 100 ദശലക്ഷം ഭക്ഷണപ്പൊതികളാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. യുഎഇ ആസ്ഥാനമായുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവസ്(എംബിആര്‍ജിഐ) ആണ് ക്യാമ്പയിനിന് നേതൃത്വം നല്‍കുന്നത്. ജാതി, മത വേര്‍തിരിവുകളില്ലാതെ വിവിധ രാജ്യങ്ങളിലുള്ള ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. മധ്യപൂര്‍വദേശം, ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളില്‍ എന്നിവിടങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യും. 

ലോകത്തിന്‍റെ ഏത് കോണിലുള്ള ആളുകള്‍ക്കും 100 ദശലക്ഷം ഭക്ഷണപ്പൊതികൾ ക്യാമ്പയിനിന് ഒരു ദിർഹം മുതൽ സഹായം നൽകാം. വെബ്സൈറ്റ്: website www.100millionmeals.ae . ബാങ്ക് വഴി അയക്കാൻ– Dubai Islamic Bank account with IBAN no.:AE080240001520977815201. എസ്എംഎസ് (എത്തിസാലാത്ത്, ഡു) വഴി അയക്കുമ്പോൾ "Meal" എന്ന് ടൈപ്പ് ചെയ്യുക. വലിയ സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് 8004999 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

click me!