സൗദി മന്ത്രിസഭയിൽ നിർണായക അഴിച്ചുപണി, നിക്ഷേപ മന്ത്രിയെ മാറ്റി, മറ്റ് പലർക്കും സ്ഥാനചലനം

Published : Feb 13, 2026, 05:50 PM IST
saudi

Synopsis

സൽമാൻ രാജാവിൻ്റെ ഉത്തരവ് പ്രകാരം സൗദി അറേബ്യയിൽ ഭരണ-നയതന്ത്ര രംഗങ്ങളിൽ വലിയ അഴിച്ചുപണി നടന്നു. നിക്ഷേപ മന്ത്രി, അറ്റോർണി ജനറൽ എന്നിവരുൾപ്പെടെ പ്രമുഖരെ മാറ്റി പുതിയ നിയമനങ്ങൾ നടത്തി.  

റിയാദ്: സൗദി അറേബ്യയിൽ ഭരണ-നയതന്ത്ര രംഗങ്ങളിൽ നിർണായക അഴിച്ചുപണി നടത്തി സൽമാൻ രാജാവ് ഉത്തരവിട്ടു. നിക്ഷേപ മന്ത്രി, അറ്റോർണി ജനറൽ എന്നിവരുൾപ്പെടെ മന്ത്രിസഭയിലെ പ്രമുഖരെയും വിവിധ പ്രവിശ്യകളിലെ ഗവർണർമാർ, ഡെപ്യൂട്ടി ഗവർണർമാർ, സൈനിക-സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെയും മാറ്റിയാണ് പുതിയ നിയമനങ്ങൾ നടത്തിയത്. ഏറ്റവും ശ്രദ്ധേയമായ മാറ്റം നിക്ഷേപ മന്ത്രാലയത്തിലാണ്. നിക്ഷേപ മന്ത്രിയായിരുന്ന ഖാലിദ് അൽഫാലിഹിനെ സ്ഥാനത്തു നിന്ന് നീക്കി സഹമന്ത്രിയായും മന്ത്രിമാരുടെ കൗൺസിൽ അംഗമായും നിയമിച്ചു. ഫഹദ് ബിൻ അബ്ദുൽ ജലീൽ ബിൻ അലി അൽ-സെയ്ഫാണ് പുതിയ നിക്ഷേപ മന്ത്രി. അറ്റോർണി ജനറൽ സ്ഥാനത്തുനിന്ന് ശൈഖ് സഊദ് ബിൻ അബ്ദുല്ല അൽമുഅ്ജബിനെ മാറ്റി റോയൽ കോടതി ഉപദേഷ്ടാവായി നിയമിച്ചു.

നിലവിൽ പരാതി പരിഹാര ബോർഡ് (ദീവാനുൽ മദാലിം) പ്രസിഡൻറായിരുന്ന ഡോ. ഖാലിദ് ബിൻ മുഹമ്മദ് ബിൻ നാസറാണ് പുതിയ അറ്റോർണി ജനറൽ. ശൈഖ് ഡോ. അലി ബിൻ അഹമ്മദ് അൽഅഹദീബിനെ പരാതി പരിഹാര ബോർഡിെൻറ പുതിയ പ്രസിഡൻറായും നിശ്ചയിച്ചു. ഗവർണർമാരുടെ പദവികളിലും വലിയ മാറ്റങ്ങളുണ്ട്. ത്വാഇഫ് ഗവർണറായിരുന്ന അമീർ സഊദ് ബിൻ നഹാർ ബിൻ സഊദിനെ മദീന ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു.

പകരം അമീർ ഫവാസ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് ആലു സഊദ് ത്വാഇഫ് ഗവർണറാകും. ദറഇയ ഗവർണറായി അമീർ റാക്കാൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിനെ മന്ത്രി പദവിയോടെ നിയമിച്ചു. ദറഇയ ഗവർണറായിരുന്ന അമീർ ഫഹദ് ബിൻ സഊദ് ബിൻ അബ്ദുല്ലയെ അൽ ബാഹ മേഖലയുടെ ഡെപ്യൂട്ടി ഗവർണറായി മാറ്റി നിയമിച്ചു. അമീർ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസാണ് വടക്കൻ അതിർത്തി മേഖലയുടെ പുതിയ ഡെപ്യൂട്ടി ഗവർണർ.

ടൂറിസം മേഖലയിലും മാറ്റങ്ങൾ പ്രകടമാണ്. ടൂറിസം ഡെപ്യൂട്ടി മന്ത്രിയായിരുന്ന അമീറ ഹൈഫ ബിൻത് മുഹമ്മദ് ബിൻ സഊദിനെ മന്ത്രിസഭാ ജനറൽ സെക്രട്ടേറിയറ്റിെൻറ ഉപദേഷ്ടാവായി നിയമിച്ചു. അബ്ദുൽ മുഹ്സിൻ ബിൻ മുഹമ്മദ് അൽമസീദാണ് പുതിയ ടൂറിസം ഡെപ്യൂട്ടി മന്ത്രി. രാജ്യത്തെ സിവിൽ, സൈനിക, സുരക്ഷാ ഏജൻസികളിലും സമഗ്രമായ പുനഃക്രമീകരണങ്ങൾ വരുത്തിക്കൊണ്ടാണ് രാജകല്പന പുറത്തിറങ്ങിയിരിക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡരികിൽ ഭിക്ഷയെടുക്കുന്ന യാചകന് സ്വന്തമായുള്ളത് മൂന്ന് ആഢംബര കാറുകൾ! അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്
ചോളത്തിനിടയിൽ ലഹരി ഗുളികകൾ ഒളിപ്പിച്ച് കടത്ത്, രണ്ട് രാജ്യങ്ങളുടെ സംയുക്ത നീക്കം, അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം വലയിൽ