
കൊച്ചി: കുവൈത്തിലെ ഗള്‍ഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ മലയാളികള്‍ വിദേശത്തേക്ക് കടന്ന സംഭവത്തിൽ കേരളത്തിൽ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി. എറണാകുളം,കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗങ്ങളായിരിക്കും കേസ് അന്വേഷിക്കുക. ദക്ഷിണ മേഖല ഐജി അന്വേഷണം ഏകോപിപ്പിക്കും. തട്ടിപ്പ് നടത്തിയ 1425 മലയാളികളിൽ ഭൂരിഭാഗവും മലയാളി നഴ്സുമാരാണെന്നാണ് കണ്ടെത്തൽ. 700ഓളം മലയാളി നഴ്സുമാര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കുവൈത്ത ബാങ്ക് അധികൃതര്‍ സംസ്ഥാന പൊലീസിനെ അറിയിച്ചത്. കോടികളുടെ വായ്പയെടുത്തശേഷം ഇവര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയെന്നാണ് പൊലീസ് പറയുന്നത്. കുവൈറ്റ് ഗള്‍ഫ് ബാങ്കിൽ നിന്ന് വായ്പയെടുത്തശേഷം അമേരിക്ക, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കും കേരളത്തിലേക്കും കുടിയേറിയെന്നാണ് അധികൃതര്‍ നൽകുന്ന വിവരം.
2020-22 കാലത്താണ് ബാങ്കിൽ തട്ടിപ്പ് നടന്നതെന്നാണ് കുവൈറ്റ് ബാങ്ക് അധികൃതര്‍ കേരള പൊലീസിനെ അറിയിച്ചിരിക്കുന്നത്. കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരുമാണ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയതെന്നാണ് വിവരം.
ആദ്യം ബാങ്കിൽ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ ശേഷം പ്രതികൾ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കുവൈത്ത് ബാങ്ക് അധികൃതർ അന്വേഷണം ആരംഭിച്ചത്. തട്ടിപ്പ് നടത്തിയവരിൽ കൂടുതൽ പേര്‍ കേരളത്തിലേക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗള്‍ഫ് ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച പരാതി കൈമാറിയത്.
സംസ്ഥാന പൊലീസ് മേധാവിയായും എഡിജിപിയുമായും ബാങ്ക് അധികൃതര്‍ കൂടിക്കാഴ്ച നടത്തി.തുടര്‍ന്ന് നവംബര്‍ അഞ്ചിന് എഡിജിപി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നൽകി. പ്രതികളുടെ വിലാസമടക്കമാണ് പരാതി നൽകിയത്. കുറ്റകൃത്യം നടന്നത് കേരളത്തിലല്ലെങ്കിലും വിദേശത്ത് കുറ്റകൃത്യം നടത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന പൗരന്മാർക്കെതിരെ കേസെടുക്കാൻ നിയമപരമായി സാധിക്കും.
ബാങ്കിനെ കബളിപ്പിച്ചെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം, കോട്ടയം ജില്ലക്കാരായ 10 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇടനിലക്കാരായി ആരെങ്കിലും പ്രവര്‍ത്തിച്ചിരുന്നോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
കുവൈത്തിലെ ബാങ്കിൻ്റെ 700 കോടി തട്ടി; 1425 മലയാളികൾക്കെതിരെ അന്വേഷണം; 700 ഓളം പേർ നഴ്‌സുമാർ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ